അശോക് ഗെഹ്‌ലോട്ടിന് പന്നിപ്പനി

Posted on: February 2, 2015 3:55 am | Last updated: February 1, 2015 at 11:56 pm

ashok gehlotജയ്പൂര്‍: രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ടിന് പന്നിപ്പനി സ്ഥിരീകരിച്ചു. എച്ച്1 എന്‍1 ബാധിച്ചതായി ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് വ്യക്തമായതോടെ സമയബന്ധിതമായി നല്‍കിയ ചികിത്സയില്‍ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തു.
മൂന്ന് ദിവസമായി പനിബാധിതനാണ് ഗെഹ്‌ലോട്ട്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മരുന്നിനോട് പ്രതികരിക്കുന്നതായും പേഴ്‌സനല്‍ സെക്രട്ടറി അറിയിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് മടങ്ങവെ പനിയും ജലദോഷത്തെയും തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം മാത്രം എച്ച്1 എന്‍1 വൈറസ് ബാധയേറ്റ് 28 പേര്‍ മരിച്ചിട്ടുണ്ട്. മുതിര്‍ന്ന മെഡിക്കല്‍ ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിലേക്ക് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അയക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.