കോട്ടയത്ത് ഘര്‍വാപസി: 23 പേരെ മതം മാറ്റി

Posted on: February 2, 2015 3:50 am | Last updated: February 1, 2015 at 11:51 pm

khar vapasyപനച്ചിക്കാട്(കോട്ടയം): വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കോട്ടയം പനച്ചിക്കാട്ട് ഘര്‍വാപസി നടത്തി. ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്ന കൂട്ട മതം മാറ്റ ചടങ്ങുകളിലൂടെ 23 പേരെയാണ് ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തത്. ക്രിസ്ത്യന്‍ ചേരമ- സാംബവ വിഭാഗത്തില്‍പ്പെട്ട 17 വീട്ടുകാരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവരില്‍ 16 പേര്‍ പുരുഷന്മാരും ഏഴ് പേര്‍ സ്ത്രീകളുമാണ്.
കഴിഞ്ഞ ഡിസംബര്‍ 25 ന് കോട്ടയത്തു വെച്ച് നടന്ന ഘര്‍വാപ്പസിയെപ്പറ്റി അറിഞ്ഞെത്തിയവരാണ് ചടങ്ങില്‍ മതം മാറിയത്. സ്വമേധയാ മതം മാറുന്നുവെന്നാണ് മത പരിവര്‍ത്തനത്തിനെത്തിയവര്‍ പ്രതികരിച്ചത്. യാതൊരു ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്ന് ധര്‍മ പ്രചാര്‍ പ്രമുഖ് മംഗലത്ത് കോണത്ത് സുധിയും പറഞ്ഞു. കുറിച്ചി, പനച്ചിക്കാട്, തിരുവാര്‍പ്പ് മേഖലയിലുള്ളവരാണ് മതം മാറിയത്. രാവിലെ 10 ന് ആരംഭിച്ച ചടങ്ങുകള്‍ രണ്ട് മണിക്കൂറോളം നീണ്ടു. അതേസമയം, വര്‍ഷങ്ങളായി മതപരമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരെയാണ് വീണ്ടും മതം മാറ്റിയതെന്നും ആക്ഷേപമുയര്‍ന്നു.