Connect with us

National

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം: നിയമം കര്‍ശനമാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ പണമൊഴുക്ക് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരുന്നു. തിരഞ്ഞെടുപ്പിനിടെ വോട്ടര്‍മാര്‍ക്ക് പണവും മറ്റും നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ളവ കൂട്ടിച്ചേര്‍ത്ത് നിയമ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമ ഭേദഗതി വരുന്നതോടെ രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ഇത് മാറും.

സി ആര്‍ പി സിയില്‍ ഭേദഗതി വരുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. കരട് ഭേഗദതി ബില്‍ തയ്യാറാക്കാന്‍ നിയമ വിദഗ്ധര്‍ക്ക് കൈമാറിയിട്ടുണ്ട്. പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് നല്‍കിയിട്ടുണ്ട്.
നിയമ ഭേദഗതി വരുന്നതോടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ടാകും. കോടതിയുടെ അനുമതിയോടെയോ അല്ലാതെയോ അന്വേഷണം നടത്താനും പോലീസിന് അധികാരമുണ്ടാകും. നിലവില്‍ വോട്ടര്‍മാരെ പണമോ മറ്റ് സാധനങ്ങളോ നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് നോണ്‍ കോഗ്നിസബിള്‍ കുറ്റമാണ്. ഐ പി സിയിലെ 171 ബി/ 171 ഇ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. ഒരു വര്‍ഷം തടവോ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. ഇപ്പോഴുള്ള നിയമ പ്രകാരം ഏതെങ്കിലും വീട്ടില്‍ വന്‍തോതില്‍ പണം ഒളിപ്പിച്ചിട്ടുണ്ടെന്ന വിശ്വസനീയമായ വിവരം ലഭിച്ചാല്‍ പോലും വാറണ്ടില്ലാതെ പരിശോധന നടത്താനാകില്ല.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന കുറ്റങ്ങള്‍ സി ആര്‍ പി സിയില്‍ ഭേദഗതി വരുത്തി കോഗ്നിസബിള്‍ കുറ്റമാക്കണമെന്നും രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാക്കി മാറ്റണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2012ല്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍ മുതല്‍ ലോക്‌സഭയിലേക്ക് വരെ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണമൊഴുകുന്നതായി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, മദ്യം, തുണിത്തരങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നത് പല സംസ്ഥാനങ്ങളിലും സര്‍വസാധാരണമായിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം കുറ്റങ്ങള്‍ക്കെതിരെ സി ആര്‍ പി സി പ്രകാരവും ഐ പി സി പ്രകാരവുമാണ് കേസെടുക്കുന്നത്. എന്നാല്‍, ഇവ തീര്‍ത്തും അപര്യാപ്തമാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം പരാതിപ്പെട്ടിരുന്നു. ഈ നിയമങ്ങള്‍ പ്രകാരം വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നതാണ് പ്രധാന പരാതി.

Latest