Connect with us

Sports

ഗോദയിലെ മല്ലന്‍മാര്‍ ഹരിയാനക്കാര്‍

Published

|

Last Updated

കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ഗെയിംസിലെ ഗുസ്തി മത്സരത്തില്‍ ആദ്യ ദിനത്തില്‍ത്തന്നെ സകല മല്ലന്‍മാരെയും മലര്‍ത്തിയടിച്ച് ഹരിയാന അഞ്ച് സ്വര്‍ണം കൊയ്തു. ആദ്യ മത്സരത്തില്‍ത്തന്നെ (ഫ്രീസ്റ്റൈല്‍ വുമണ്‍ 55 കി ഗ്രാം) ഹരിയാനയുടെ ഋതു മാലിക് ഉത്തര്‍പ്രദേശിന്റെ സീമയെ രണ്ട് മിനുട്ട് കൊണ്ട് മലര്‍ത്തിയടിച്ചാണ് മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. രണ്ടാമത്തെ മത്സരത്തില്‍ (69 കി ഗ്രാം) ഹരിയാനയുടെ സുമന്‍ഗുണ്ടു ഉത്തര്‍പ്രദേശിന്റെ തന്നെ മനു ടോമറെ അടിച്ചു വീഴ്ത്തി സ്വര്‍ണം നേടി. പിന്നീട് പുരുഷന്മാരുടെ 74 കിലോ വിഭാഗത്തിലായിരുന്നു ഹരിയാനയുടെ സ്വര്‍ണ വേട്ട.
ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ ഹരിയാനയുടെ രവീന്ദര്‍ സിംഗ് നാലാം സ്വര്‍ണം കരസ്ഥമാക്കി. ഇതേയിനത്തില്‍ 85 കി ഗ്രാം വിഭാഗത്തിലും ഹരിയാനയുടെ മനോജ് കുമാര്‍ ചാമ്പ്യനായി. ഒരു സ്വര്‍ണം നേടിയ സര്‍വീസസാണ് ഹരിയാനക്ക് പിന്നിലുള്ളത്. രണ്ട് വെള്ളിയുമായി ഉത്തര്‍ പ്രദേശാണ് മൂന്നാം സ്ഥാനത്ത്.
ആദ്യ ദിനത്തില്‍ കേരളത്തിന് വലിയ നിരാശയായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് മാത്യുഷിന്‍സ്, അഭിനവ്, ജി രഞ്ജിത്ത്, അഞ്ജന, സുഷാന്ത്, ജി എസ് മാജിത്ത് എന്നിവരാണ് പങ്കെടുത്തത്. ജി എസ് മാജിത്ത് ഒഴിച്ച് മറ്റെല്ലാ താരങ്ങളും ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി. എം എസ് മാജിത്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest