Connect with us

Ongoing News

പുരുഷ ഫുട്‌ബോളില്‍ കേരളത്തിന് വിജയത്തുടക്കം

Published

|

Last Updated

കോഴിക്കോട്: മഹാരാഷ്ട്ര ഗോളിയുടെ രണ്ട് പിഴവുകള്‍ കേരളത്തിന്റെ ഗോളുകളായി. പരിചയസമ്പന്നരായ മഹാരാഷ്ട്രയെ മുട്ടുകുത്തിച്ച് പുരുഷ ഫുട്‌ബോളില്‍ കേരളത്തിന് വിജയതുടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പൂള്‍ എയില്‍ കേരളം നിര്‍ണായക ജയം നേടിയത്. ഇതോടെ മൂന്ന് പോയിന്റുമായി കേരളം ഗോവക്കൊപ്പം സെമിസാധ്യത വര്‍ധിപ്പിച്ചു. നാളെ തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഉസ്മാന്‍ ആഷിക്, ജാബി ജസ്റ്റിന്‍ എന്നിവരാണ് ജേതാക്കള്‍ക്കായി വല കുലുക്കിയത്. മഹാരാഷ്ട്രക്കായി പകരക്കാരനായിറങ്ങിയ ശാബാസ് പത്താന്‍ ഗോള്‍ മടക്കി. ഗോള്‍ നേടുകയും ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഉസ്മാന്‍ ആഷിക്കാണ് കേരള ഹീറോ. രണ്ടാം പകുതിയില്‍ സുഹൈറും മഹാരാഷ്ട്രയെ വിറപ്പിച്ചു.
ആസുത്രിതമായ നീക്കങ്ങളേറെയും മഹാരാഷ്ട്രക്കായിരുന്നു. പ്രത്യാക്രമണമായിരുന്നു ആതിഥേയരുടെ ആയുധം. 38 ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് കേരളം എക്കൗണ്ട് തുറന്നത്. മഹാരാഷ്ട്രയുടെ മലയാളി ഗോള്‍കീപ്പര്‍ സി കെ ഉബൈദ് കേരള സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിനെ ബോക്‌സിനുള്ളില്‍ ചാര്‍ജ് ചെയ്തതിനെ തുടര്‍ന്നാണ് പെനാല്‍റ്റി ലഭിച്ചത്. ഗ്യാലറിയുടെ കൈയടി വാങ്ങിയ ഉസ്മാന്‍ ആഷിക്ക് ആത്മവിശ്വാസത്തോടെയെടുത്ത കിക്കിന് മറുപടിയില്ലായിരുന്നു. ഇടങ്കാല്‍ കൊണ്ട് ഉസ്മാന്‍ എടുത്ത അനായാസ കിക്ക് ഉബൈദിന് വായിച്ചെടുക്കാനായില്ല. ഉബൈദ് ചാടിയത് വലതുഭാഗത്തേക്ക്. പന്ത് ഇടതുമൂലയിലേക്ക് അരിച്ചു കയറി (1-0). ഗോളാരവത്തില്‍ കോഴിക്കോട്ടെ സ്റ്റേഡിയം മുങ്ങി.
64 ാം മിനുട്ടില്‍ മഹാരാഷ്ട്ര ഗോളി ഉബൈദിന് വീണ്ടും പിഴച്ചു. അനീഷിന്റെ ഫ്രീ ഹെഡര്‍ കൈയിലൊതുക്കാനുള്ള ശ്രമത്തിനിടെ വഴുതി താഴെ വീണു. തക്കം പാര്‍ത്തു നിന്ന സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിന്‍ ഉബൈദിന് രണ്ടാമതൊരു അവസരം നല്‍കിയില്ല. കേരളം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മത്സരം പിടിച്ചെടുത്ത നിമിഷത്തില്‍ സ്റ്റേഡിയം വീണ്ടും ഇരമ്പി (2-0).
രണ്ടാം ഗോളോടെ ഉണര്‍ന്ന മഹാരാഷ്ട്ര നാല് മിനുട്ടിനുള്ളില്‍ ഗോള്‍ മടക്കി. ഷഹബാസ് പത്താന്‍ ഇടതുവിംഗിലൂടെ മൂന്ന് കേരള താരങ്ങളെ ഡ്രിബിള്‍ ചെയ്ത് ബോക്‌സിലേക്ക് കയറി തൊടുത്ത ഉഗ്രന്‍ ഷോട്ട് ബാറില്‍ത്തട്ടി വലയിലെത്തുകയായിരുന്നു (2-1). മഹാരാഷ്ട്രയുടെ നീക്കത്തോടെ തുടങ്ങിയ മത്സരത്തില്‍ കേരളം പ്രത്യാക്രമണത്തിലൂടെയാണ് പിടിച്ചുനിന്നത്.
ക്യാപ്റ്റന്‍ വിജിത് ഷെട്ടി നിയന്ത്രിച്ച മധ്യനിരയായിരുന്നു മഹാരാഷ്ട്രയുടെ നീക്കങ്ങള്‍ ചിട്ടപ്പെടുത്തിയത്. നിഥേഷ് മോണ്ടെ, പ്രവീണ്‍ ശര്‍മ, സിദ്ധാര്‍ഥ് നായക്, സന്ദേഷ് ഗഡ്കരി എന്നിവര്‍ ആദ്യപകുതിയില്‍ കേരള ഗോള്‍മുഖത്തേക്ക് ആസൂത്രിതമായി കയറിയെത്തി. ഇതിന്റെ ഫലമായി അരമണിക്കൂറിനുള്ളില്‍ കേരളം നാല് കോര്‍ണറുകളാണ് വഴങ്ങിയത്. ഗോളി നിഷാദും സുര്‍ജിതും ഷറിനും സജിതും ചേര്‍ന്ന പ്രതിരോധ നിരയില്‍ത്തട്ടി മഹാരാഷ്ട്ര നീക്കങ്ങള്‍ വിഫലമാകുകയായിരുന്നു.
രണ്ടാം പകുതിയില്‍ മഹാരാഷ്ട്ര തുടക്കത്തില്‍ ഗോള്‍ മടക്കാനുള്ള തിടുക്കം കാണിച്ചെങ്കിലും കേരളം അറ്റാക്കിംഗ് മൂഡിലേക്ക് മാറിയത് തിരിച്ചടിയായി. ആദ്യ പകുതിയില്‍ ഉസ്മാന്‍ ആഷിക് കേരളത്തിനായി തകര്‍ത്തു കളിച്ചു. രണ്ടാം പകുതിയിലും ഉസ്മാന്റെ മികവിനൊപ്പം സുഹൈറും ഉയര്‍ന്നതോടെ മഹരാഷ്ട്ര ഡിഫന്‍സിന് പണിയേറി. 62ാം മിനുട്ടില്‍ ഉസ്മാനെ ഒരു ഷോട്ടും ഹെഡറും തുടരെ റീബൗണ്ടാവുകയായിരുന്നു. ഇടങ്കാലനടി പോസ്റ്റില്‍ത്തട്ടി മടങ്ങിയപ്പോള്‍ രണ്ടാമത്തെ ഹെഡ്ഡര്‍ ഗോളി തട്ടിമാറ്റുകയായിരുന്നു. മഹാരാഷ്ട്ര താരം കരണ്‍ അഥ്‌വാലിന് മഞ്ഞകാര്‍ഡ് ലഭിച്ചു. അറുപതാം മിനുട്ടില്‍ ജംഷാദിന് പകരം ഷൈജുമോന്‍ കേരളത്തിനായി കളത്തിലിറങ്ങി.

Latest