ഗെയിംസ്: രണ്ട് സ്വര്‍ണവുമായി കേരളം മെഡല്‍ വേട്ട തുടങ്ങി

Posted on: February 1, 2015 6:50 pm | Last updated: February 2, 2015 at 9:00 am

sajanതിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസില്‍ നിറയെ പ്രതീക്ഷകളുമായി സ്വന്തം മണ്ണില്‍ ഇറങ്ങിയ കേരളം നീന്തല്‍ കുളത്തില്‍ നിന്ന് മെഡല്‍ കൊയ്ത്ത് തുടങ്ങി. ആദ്യദിനം രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ ആറ് മെഡലുകളാണ് കേരളം നേടിയത്. പുരുഷന്‍മാരുടെ നൂറ് മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ സ്‌ട്രോക്കില്‍ സാജന്‍ പ്രകാശിന്റെതായിരുന്ന കേരളത്തിന്റെ ആദ്യ സ്വര്‍ണ നേട്ടം. ഗെയിംസില്‍ സാജന്‍ പ്രകാശിന്റെയും കേരളത്തിന്റെയും രണ്ടാം മെഡലായിരുന്നു. നീന്തല്‍ ഇരുനൂറ് മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സാജന്‍ പ്രകാശ് നേരത്തെ വെള്ളി നേടിയിരുന്നു.
പുരുഷന്‍മാരുടെ 4*100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും കേരളം ഗെയിംസ് റെക്കാര്‍ഡോടെ സ്വര്‍ണമണിഞ്ഞു. സാജന്‍ പ്രകാശ്, എ എസ് ആനന്ദ്, എസ് അരുണ്‍, എസ് പി ശര്‍മ എന്നിവരുള്‍പ്പെട്ട ടീമിനാണ് സ്വര്‍ണം ലഭിച്ചത്. ഇതോടെ സാജന്‍ പ്രകാശിന്റെ നീന്തല്‍ വിഭാഗത്തിലെ രണ്ടാം സ്വര്‍ണവും മൂന്നാം മെഡലുമായി ഇത്. വനിതകളുടെ 4*100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ കേരള ടീമും വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ കേരളത്തിന്റെ പൂജ ആര്‍ ആല്‍വയും വൈറ്റ്‌ലിഫ്റ്റില്‍ മോഹന സുന്ദരവും വെങ്കലം നേടിയിട്ടുണ്ട്. ജോമി ജോര്‍ജ്, പ്രിയചന്ദ്രന്‍, സന്ധ്യ സിന്ധു, ഗുല്‍നാസ് റഊഫ് എന്നിവരടങ്ങുന്ന ടീമാണ് 4*100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെങ്കലം നേടിയത്.
മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസയാണ് നീന്തല്‍ ഇരുനൂറ് മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സ്വര്‍ണം നേടിയത്. പുതിയ ദേശീയ ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിച്ച ആരണ്‍ ഡിസൂസ 1.52.06 മിനുട്ടെടുത്താണ് സ്വര്‍ണം നേടിയത്. രണ്ടാമതെത്തിയ സാജന്‍ പ്രകാശും നിലവിലെ ഗെയിംസ് റെക്കോര്‍ഡ് മറികടന്നു (1.53.27 മിനിറ്റ്). കേരളത്തിന്റെ എസ് ആനന്ദ് നാലാമതായി ഫിനിഷ് ചെയ്തു. നൂറ് മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ആരോണിനെ പിന്തള്ളിയാണ് സാജന്‍ പ്രകാശ് സ്വര്‍ണം നേടിയത്.
പതിനഞ്ച് ഫൈനലുകള്‍ പൂര്‍ത്തിയായ ആദ്യദിനം ആറ് സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ ഏഴ് മെഡലുകളുമായി ഹരിയാനയാണ് മുന്നില്‍. മികച്ച തുടക്കം ലഭിച്ച കേരളം രണ്ടാം സ്ഥാനത്താണ്. രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും നേടിയ മധ്യപ്രദേശ് മൂന്നാം സ്ഥാനത്താണ്. ഗെയിംസിലെ ആദ്യസ്വര്‍ണം മണിപ്പൂരാണ് നേടിയത്. വനിതകളുടെ 48 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവാണ് ഗെയിംസിലെ ആദ്യ സുവര്‍ണ താരം.