Connect with us

Kerala

ദേശീയപാതയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം

Published

|

Last Updated

തേഞ്ഞിപ്പലം/ തിരൂരങ്ങാടി: ദേശീയ പാതയില്‍ ഇന്നലെയുണ്ടായ വ്യത്യസ്ത അപടങ്ങളില്‍ നാല് പേര്‍ മരിച്ചു. ചേലേമ്പ്ര ഇടിമുഴിക്കലിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ ദമ്പതികളാണ് മരിച്ചത്. ദേശീയപാതയില്‍ വെളിമുക്കിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. യൂനിവേഴ്‌സിറ്റി താഴെ ചിനക്കല്‍ പെരുങ്കടക്കാട്ട് മമ്മദിന്റെ മകന്‍ നിഷാദ് (31), ഭാര്യ ഫസ്‌ന (26) എന്നിവരാണ് ചേലേമ്പ്രയിലെ അപടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുള്ള മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മകള്‍ അമ്‌റിന്‍ അഹ്‌സാനയാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. വെളിമുക്കിലെ അപകടത്തില്‍ ചേളാരി ചെനക്കലങ്ങാടിയിലെ നമ്പ്രങ്കോട് കൂരിത്തൊടി കുഞ്ഞിമൊയ്തീന്റെ മകന്‍ മുഹമ്മദ് റാസിഖ് (20), സുഹൃത്ത് ചെനക്കലങ്ങാടി മണക്കടവന്‍ സൈതലവിയുടെ മകന്‍ ഫാസിര്‍ (19) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു ചേലേമ്പ്രയില്‍ അപകടമുണ്ടായത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഭാഗത്ത് നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോകുന്നതിനിടെ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. തൊട്ടുപിന്നില്‍ വന്ന മിനി ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. തെറിച്ച് വീണ ഫസ്‌നയുടെ ദേഹത്തിലൂടെ എതിര്‍ ദിശയില്‍ വന്ന ബസ് കയറിയിറങ്ങി. ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിഷാദ് മരിച്ചത്. പരുക്കേറ്റ അമ്‌റിന്‍ അഹ്‌സനെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
നിഷാദ് കോഴിക്കോട് എജ്യു കേന്ദ്രയിലെ ജീവനക്കാരനും ഫസ്‌ന കലിക്കറ്റ് സര്‍വകലാശാലയിലെ ഹെല്‍ത്ത് സയന്‍സിലെ താത്കാലിക അധ്യാപികയുമാണ്. ഖദീജയാണ് നിഷാദിന്റെ മാതാവ്. സഹോദരങ്ങള്‍: ജിഷാദ്, നിഷാത്ത്. നിലമ്പൂരിലെ പറമ്പന്‍ സൈദ് – ഫാത്വിമ ദമ്പതികളുടെ മകളാണ് ഫസ്‌ന. സഹോദരങ്ങള്‍: ശിഫ്‌ന, ആശിഖ് .
ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് വെളിമുക്ക് മദ്‌റസക്ക് സമീപം അപകടമുണ്ടായത്. മൂന്നിയൂര്‍ ആലിന്‍ചുവടിലെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി വരികയായിരുന്ന ഇവരുടെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഇവരുടെ മുന്നില്‍ സഞ്ചരിച്ച വെളിമുക്കില്‍ വലിയപറമ്പ് സ്വദേശി യൂസുഫിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റാസിഖ് സഞ്ചരിച്ച ബൈക്ക് വെട്ടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്.
യൂസുഫിനെയും സഹോദര പുത്രന്‍ മുഹമ്മദ് അംജദ് (മൂന്നര) എന്നിവരെ പരുക്കുകളോടെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം റാസിഖിന്റെയും ഫാസിറിന്റേയും മയ്യിത്തുകള്‍ തേഞ്ഞിപ്പലം പടിഞ്ഞാറെ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഫാസിര്‍ കാലിക്കറ്റ് സര്‍വകലാശാല കോ ഓപറേറ്റീവ് കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്.
പിതാവ് സൈതലവി (സഊദി). മാതാവ്. സഫിയ. സഹോദരങ്ങള്‍. സിനാന്‍, ശാനിദ്, സഫീറ. മുഹമ്മദ് റാസിഖ് ചേളാരിയിലെ ബേക്കറി ജീവനക്കാരനാണ്. മാതാവ് ഫാത്തിമ. സഹോദരങ്ങള്‍ റഫീഖ് (ദുബൈ), റാശിദ്, റാഹിബ.