സംയോജിത ജില്ലാ വികസന രേഖ 10നകം നല്‍കണം

Posted on: February 1, 2015 1:15 pm | Last updated: February 1, 2015 at 1:15 pm

കല്‍പ്പറ്റ: സംയോജിത ജില്ലാ വികസന രേഖ ഫെബ്രുവരി 10 കം നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയിള്ള പദ്ധതിയില്‍ വിവിധ വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ അപൂര്‍വും ന്യൂനതകളുമുള്ളതാണന്ന് നഗരാസൂത്രണവിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണിത്.ആവശ്യമായ സ്ഥിതി വിവരക്കണക്കുകള്‍ ഉള്‍പ്പെടുത്തിയും നിര്‍ദേശിച്ച ഭേദഗതികള്‍ വരുത്തിയും റിപ്പോര്‍ട്ട് സമയ ബന്ധിതമായി നല്‍കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ നിര്‍ദേശം നല്‍കി.
മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി അംഗ വൈകല്ല്യമുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണത്തിലും തുക ചെലവഴിക്കുന്നതിലും വളരെ പിന്നിലാണ്.ഗ്രാമ പഞ്ചായത്തുകളുടെ 602 പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.നൂല്‍പ്പുഴ പഞ്ചായത്തില്‍ പദ്ധതി തുക ചെലവഴിച്ചത് വെറും 13 ശതമാനം മാത്രമാണ്.പല പഞ്ചായത്തിലും പദ്ധതി ചെലവ് 50 ശതമാനം പോലുമായിട്ടില്ല.ആദിവാസി വീടുകള്‍ക്ക് സാങ്കേതിക കാരങ്ങളാല്‍ വീട്ടു നമ്പര്‍ നല്‍കുന്നില്ലെന്ന പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കി. സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിക്കുന്ന ആസൂത്രണ സമിതി ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 10 നകം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
എം ഐ ഷാനവാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിലുള്‍പ്പെടുത്തിയ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് ഫെബ്രുവരി 10ന് രാവിലെ 9.30ന് പ്രത്യേക യോഗം ചേരും. പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച പൂര്‍ണ്ണ റിപ്പോര്‍ട്ട് അവലോകന യോഗത്തില്‍ സമര്‍പ്പിക്കാന്‍ എം.പി നിര്‍ദ്ദേശം നല്‍കി.
ജില്ലാ കളക്ടര്‍ വി.കേശവേന്ദ്രകുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഉഷാകുമാരി, പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രതിനിധി രാഘവന്‍ മാസ്റ്റര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി. സജീവ്, സബ് കളക്ടര്‍ ശീറാം സാംബശിവ റാവു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.