നാദാപുരം അക്രമം: യു ഡി എഫ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി

Posted on: February 1, 2015 1:10 pm | Last updated: February 1, 2015 at 1:10 pm

നാദാപുരം: തൂണേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകവും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും പ്രത്യേക സംഘം അന്യേഷിക്കണമെന്നും പോലീസിന്റെ ജാഗ്രതാ കുറവ് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും യു ഡി എഫ് പ്രതിനിധി സംഘം.
തൂണേരി മേഖലയിലെ അക്രമത്തിനിരയായ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കൊലപാതകവും അക്രമ സംഭവങ്ങളും പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണം. അക്രമത്തില്‍ തകര്‍ക്കപ്പെട്ട വീടുകളുടെയും മറ്റും സ്ഥിതി അറിയാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മേഖലസന്ദര്‍ശിക്കണം. പോലീസിലെ ചിലര്‍ അക്രമത്തിന് കൂട്ട് നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത് ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പ്രൊഫഷനല്‍ ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.
യു ഡി എഫ് ചെയര്‍മാന്‍ അഡ്വ പി ശങ്കരന്‍, എം എ റസാഖ് മാസ്റ്റര്‍, സി മോയിന്‍കുട്ടി എം എല്‍ എ, ഉമ്മര്‍ പാണ്ടികശാല, സി വി എം വാണിമേല്‍, സൂപ്പി നരിക്കാട്ടേരി, എം കെ ഭാസ്‌കരന്‍, പി ശാദുലി, ജോണ്‍ പൂതക്കുഴി, പാറക്കല്‍ അബ്ദുല്ല, കൂടാളി അശോകന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.