സി പി ഐ ജില്ലാ സമ്മേളനത്തിന് തുടക്കം

Posted on: February 1, 2015 12:50 pm | Last updated: February 1, 2015 at 12:50 pm

cpiതിരൂര്‍: സി പി ഐ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. പതാക – ബാനര്‍- കൊടിമര ജാഥകള്‍ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച് സമ്മേളന നഗരിയായ കെ ദാമോദരന്‍ നഗറില്‍ സമാപിച്ചു. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരം വി ഉണ്ണികൃഷ്ണന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ ബാബുരാജ് കൊണ്ടുവന്ന കൊടിമരം ജില്ലാ സെക്രട്ടറി പി പി സുനീര്‍ ഏറ്റുവാങ്ങി. കൊളാടി സ്മൃതി മണ്ഡപത്തില്‍ നിന്നും സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അബൂബക്കറിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന പതാക സ്വാഗത സംഘത്തിന് വേണ്ടി ചെയര്‍മാന്‍ പി കെ കൃഷ്ണദാസ് ഏറ്റുവാങ്ങി. പി ശ്രീധരന്‍ മാസ്റ്ററുടെ മഞ്ചേരി സ്മൃതി മണ്ഡപത്തില്‍ നിന്നും എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് പി സുബ്രമണ്യന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ബാനര്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി കുഞ്ഞിമൂസ ഏറ്റുവാങ്ങി. വി ഉണ്ണികൃഷ്ണന്‍ പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താന്‍ കെ കോയകുഞ്ഞു തഹയുടെ വസതിയില്‍ നിന്നും കൊണ്ട് വന്ന പതാക സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കെ സുന്ദരന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും വാദ്യാഘോഷങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളന വേദിയിലെത്തിച്ചു. തുടര്‍ന്നു ആവേശകരമായ അന്തരീക്ഷത്തില്‍ മുതിര്‍ന്ന കമ്മ്യൂനിസ്റ്റ് നേതാവായ പ്രൊഫ. ഇ വി മുഹമ്മദാലി പതാക ഉയര്‍ത്തി. നാളെ വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതു സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.