ലീഗും കോണ്‍ഗ്രസും പിണങ്ങി; കൊണ്ടോട്ടിയില്‍ പ്രസിഡന്റിനെതിരെ ലീഗിന്റെ അവിശ്വാസം

Posted on: February 1, 2015 12:48 pm | Last updated: February 1, 2015 at 12:48 pm

കൊണ്ടോട്ടി: യു ഡി എഫ് ഭരിക്കുന്ന കൊണ്ടോട്ടി പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ തെറ്റിയതോടെ കോണ്‍ഗ്രസ് അംഗമായ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ലീഗ് അംഗങ്ങള്‍ തീരുമാനിച്ചു. നാളെ ഇതു സംബന്ധമായ അറിയിപ്പ് ബ്ലോക്ക് സെക്രട്ടറിക്ക് കൈമാറും. ലീഗ് അംഗങ്ങളുടെ തീരുമാനം പഞ്ചായത്ത് മുസ് ലിം ലീഗും അംഗീകരിച്ചതായാണറിയുന്നത് .
ആദ്യ മൂന്ന് വര്‍ഷം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗിനും അവസാന രണ്ട് വര്‍ഷം കോണ്‍ഗ്രസിനും എന്ന ധാരണയിലാണ് മുന്നണി ഭരണം മുന്നോട്ടു പോയത്. പ്രസിഡന്റ് സ്ഥാനം ലീഗ് വഹിക്കുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും തിരിച്ചും നല്‍കുന്നതിനും ധാരണയുണ്ടാക്കിയിരുന്നു. ധാരണ പ്രകാരം കോണ്‍ഗ്രസിലെ ഫൗസിയയാണ് ഇപ്പോള്‍ പ്രസിഡന്റ്. കൃത്യ നിര്‍വഹണത്തില്‍ കാര്യക്ഷമതയും സേവന സന്നദ്ധയുമായ ഐ സി ഡി എസ് സൂപ്പര്‍ വൈസറെ അന്യായമായും ഏകപക്ഷീയമായും സ്ഥലം മാറ്റുകയും പഞ്ചായത്ത് ഓഫീസ് റോഡിലൂടെ പഞ്ചായത്തിന്റെ മുറ്റം വിഭജിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് റോഡ് വെട്ടാനുള്ള നീക്കവും അങ്കണ്‍വാടികള്‍ക്ക് അനുവദിച്ച വസ്തുക്കള്‍ സ്വകാര്യ സ്ഥലത്ത് സൂക്ഷിക്കുകയും ചെയ്തതും ലീഗിനെ ചൊടിപ്പിച്ചിരുന്നു.
ഇത്തരം നടപടികളില്‍ നിന്നൊന്നും കോണ്‍ഗ്രസ് പിന്മാറാന്‍ തയാറാകാത്തതാണ് ലീഗ് അംഗങ്ങളെ അവിശ്വാസം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്. 17 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ ലീഗ് ഒമ്പത്, കോണ്‍ഗ്രസ് ആറ്, സി പി എം രണ്ട് എന്നിങ്ങിനെയാണ് കക്ഷി നില. അവിശ്വാസത്തിനെതിരെ കോണ്‍ഗ്രസ് സി പി എമ്മിന്റെ പിന്തുണ തേടിയാല്‍ പോലും പ്രമേയം പരാജയപ്പെടുത്താനാവില്ല. അവിശ്വാസം കൊണ്ടുവരാനുള്ള തീരുമാനമറിയിച്ച് ബ്ലോക്ക് സെക്രട്ടറിക്ക് കത്ത് നല്‍കുന്നതോടെ 15 ദിവസത്തിനുള്ളില്‍ പ്രമേയം ചര്‍ച്ചക്കെടുത്ത് വോട്ടെടുപ്പ് നടത്തണമെന്നാണ് ചട്ടം.
കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ തെറ്റുന്നത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോയെന്ന ആശങ്ക ഇരുപാര്‍ട്ടി നേതൃത്വത്തിനുമുണ്ട്. ഇരു കക്ഷികളിലേയും പ്രവര്‍ത്തകരെ കൂട്ടി യോജിപ്പിക്കാന്‍ ഇരു പാര്‍ട്ടികളുടേയും ജില്ലാ നേതാക്കള്‍ക്ക് പെടാ പാടു പെടേണ്ടി വരും.