Connect with us

Kerala

സംഘശക്തിയുടെ കരുത്ത് തെളിയിച്ച് സ്വഫ്‌വ റാലി

Published

|

Last Updated

പാലക്കാട്: എസ് വൈ എസ് അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന, ആയിരങ്ങള്‍ അണിനിരന്ന സ്വഫ്‌വ റാലി സംഘശക്തിയുടെ കരുത്ത് തെളിയിച്ച് കരിമ്പനകളുടെ നാട്ടില്‍ ഇതിഹാസം രചിച്ചു. ലോക മനഃസാക്ഷിയെ അലോസരപ്പെടുത്തുന്ന തീവ്രവാദവും ഭീകരവാദവും പ്രതിരോധിക്കാന്‍ സമര്‍പ്പണ പ്രതിജ്ഞയെടുത്ത് എസ് വൈ എസ് സ്വഫ്‌വ (ദൗത്യ വാഹക സംഘം) അംഗങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ റാലി അലകടലായി ഒഴുകിയെത്തിയപ്പോള്‍ നെല്ലറ അക്ഷരാര്‍ഥത്തില്‍ ശുഭ്രസാഗരമായി മാറി. മഞ്ഞക്കുളം മഖാം സിയാറത്തോടെ തുടങ്ങിയ റാലി മഞ്ഞക്കുളം, ടി ബി റോഡ്, ശകുന്തള ജംഗ്ഷന്‍, ബി ഒ സി റോഡ്, റെയില്‍വേ മേല്‍പ്പാലം, മുനിസിപ്പല്‍ സ്റ്റാന്‍ഡ്, ജി ബി റോഡ്, സുല്‍ത്താന്‍ പേട്ട, കോര്‍ട്ട് വഴി കോട്ട മൈതാനത്ത് സമാപിച്ചു. അഹ്‌ലുസ്സുന്നയുടെ ധീര പോരാളികളുടെ റാലി വീക്ഷിക്കാനും ആശീര്‍വദിക്കാനും സംസ്ഥാന സാരഥികളടക്കമുള്ള പ്രസ്ഥാന നേതാക്കള്‍ എത്തിയിരുന്നു.
അഞ്ചിന് സമ്മേളന നടപടികള്‍ ആരംഭിച്ചപ്പോഴും സ്വഫ്‌വ പ്രയാണം ടിപ്പുവിന്റെ പടയോട്ട ഭൂമിയായ കോട്ട മൈതാനത്തിലേക്ക് ഒഴുകി കൊണ്ടിരുന്നു. ആദര്‍ശ വൈരികള്‍ക്ക് ശക്തമായ താക്കീത് നല്‍കിയും സാന്ത്വന പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള പ്രസ്ഥാന പദ്ധതികള്‍ വിശദീകരിച്ചും നേതാക്കള്‍ നടത്തിയ പ്രഭാഷണങ്ങള്‍ തക്ബീര്‍ ധ്വനികളോടെയാണ് സദസ്സ് സ്വീകരിച്ചത്. സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന പ്രമേയം ഉയര്‍ത്തിപിടിച്ച് ഈ മാസം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ മലപ്പുറം കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായാണ് കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളെ പ്രതിനിധാനം ചെയ്ത വടക്കന്‍ മേഖല പരേഡ് സംഘടിപ്പിച്ചത്. കോട്ട മൈതാനിയില്‍ സമാപിച്ച പരേഡിനെ സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിവാദ്യം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ സംയുക്ത ഖാസി കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സ്വഫ്‌വ ഡെപ്യൂട്ടി ചീഫ് എന്‍ എം സ്വാദിഖ് സഖാഫി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുഹമ്മദ് കോഡൂര്‍,എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, യു എ മുബാറക് സഖാഫി പ്രസംഗിച്ചു. സ്വഫ്‌വ ഡെപ്യൂട്ടി ചീഫ് റാശിദ് ബുഖാരി, ജില്ലാ ചീഫുമാരായ സഈദ് കൈപ്പുറം, ഹസൈനാര്‍ സഖാഫി കുട്ടശേരി, അബ്ദുല്‍കരീം നിസാമി, മുഹമ്മദലി സഖാഫി പുറ്റാട്, അശ്‌റഫ ്കരിപ്പോടി, സിറാജുദ്ദീന്‍ സഖാഫി പരേഡിന് നേതൃത്വം നല്‍കി. സോണ്‍ ചീഫുമാരുടെ നേതൃത്വത്തില്‍ പ്രത്യേക ബാനറുകള്‍ക്ക് പിന്നില്‍ വിവിധ ബ്ലോക്കുകളായാണ് സ്വഫ്‌വ അംഗങ്ങള്‍ മാര്‍ച്ച് ചെയ്തത്. ആകര്‍ഷകമായ യൂനിഫോമണിഞ്ഞ് പതാകവാഹകരായ ആയിരങ്ങള്‍ നടത്തിയ പരേഡ് പാലക്കാടിന്റെ പോരാട്ടമണ്ണിന പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി.

Latest