ഇനി പോരാട്ടത്തിന്റെ ദിനങ്ങള്‍

Posted on: February 1, 2015 8:41 am | Last updated: February 1, 2015 at 10:43 am

ammuതിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ആദ്യ ദിനം 19 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. നീന്തല്‍ മത്സര ഇനങ്ങള്‍ പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ലക്‌സില്‍ ഇന്നാരംഭിക്കും. നീന്തല്‍ മത്സരങ്ങളില്‍ സജീവ സാന്നിധ്യമായി കേരള ടീമും ഇന്നിറങ്ങും. ഏഴാം തീയതി വരെയാണ് മത്സരങ്ങള്‍. പുരുഷന്മാരുടെയും സ്ത്രീകളുടെയും 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്ക്, 4ഃ100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേ ഹീറ്റ്‌സ് മത്സരങ്ങളാണ് ഇന്ന് നടക്കുക. വൈകിട്ട് ആറ് മുതല്‍ എട്ട് മണിവരെയായി ഈ മത്സരങ്ങളുടെ ഫൈനലും നടക്കും. ഉച്ചക്കു ശേഷം മൂന്ന് മണി മുതല്‍ അഞ്ച് വരെയായി ഡൈവിംഗ് മത്സരങ്ങളും ഇവിടെ നടക്കും.
ശംഖുമുഖം ബീച്ചില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ബീച്ച് ഹാന്‍ഡ് ബോള്‍ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. കേരളം മെഡല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരിനമാണിത്. കേരള വനിതാ ടീം അംഗങ്ങള്‍ ബീഹാറിനെയും പുരുഷ ടീം ഛത്തീസ്ഗഢിനെയുമാണ് നേരിടുന്നത്.
വൈകിട്ട് നാല് മണിക്കും 4.30നും ആണ് കേരള ടീം പങ്കെടുക്കുന്ന മത്സരങ്ങള്‍. ജിംനാസ്റ്റിക് മത്സരങ്ങള്‍ ഇന്ന് മുതല്‍ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. ഇന്ന് മുതല്‍ ആറാം തീയതി വരെയാണ് ജിംനാസ്റ്റിക് ഇനങ്ങള്‍. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ ഖോ-ഖോ മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാകും. മത്സരത്തില്‍ ഇന്ന് വൈകിട്ട് ഏഴിന് കേരളം ആന്ധ്രാ പ്രദേശിനെ നേരിടും. ഇന്ന് മുതല്‍ അഞ്ച് വരെയാണ് ഇവിടെ ഖോ-ഖോ മത്സരങ്ങള്‍ നടക്കുന്നത്.
വെള്ളായണി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന നെറ്റ് ബോള്‍ മത്സരങ്ങളില്‍ വൈകിട്ട് 5.15ന് കേരളം മത്സരിക്കുന്നുണ്ട്. കര്‍ണാടക ടീമുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ടില്‍ പിസ്റ്റള്‍, റൈഫിള്‍ ഷൂട്ടിംഗ് മത്സരങ്ങളുണ്ട്. നെറ്റ് ബോള്‍ മത്സരങ്ങള്‍ അഞ്ചാം തീയതി വരെയും ഷൂട്ടിംഗ് മത്സരങ്ങള്‍ ഏഴാം തീയതി വരെയുമാണ് നടക്കുക. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സ്‌ക്വാഷ്, കുമാരപുരം ടെന്നീസ് കോംപ്ലക്‌സില്‍ ടെന്നീസ് മത്സരങ്ങളും ഇന്ന് നടക്കും.
തൃശൂര്‍ പോലീസ് അക്കാദമി ഷൂട്ടിംഗ് റേഞ്ചില്‍ ഷൂട്ടിംഗ് ട്രാപ്പ് ആന്‍ഡ് സ്‌കീറ്റ് മത്സരങ്ങളാണ് ഇന്ന് തുടങ്ങുന്ന മറ്റൊരിനം. എട്ടാം തീയതി വരെയാണ് മത്സരങ്ങള്‍. എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആര്‍ച്ചെറി മത്സരങ്ങളും ഇന്ന് തുടങ്ങും. പുരുഷന്മാരുടെയും വനിതകളുടെയും ഇന്ത്യന്‍ റൗണ്ട് ഓഫ് 72 ആരോസ് ക്വാളിഫിക്കേഷന്‍ മത്സരങ്ങളാണ് ഇന്ന് നടക്കുക. മത്സരത്തില്‍ കേരളം പങ്കെടുക്കുന്നുണ്ട്. ഒമ്പതാം തീയതി വരെ ഇവിടെ മത്സരങ്ങള്‍ നടക്കും.
കോഴിക്കോട് ബീച്ച് വോളിബോള്‍ മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാകും. പുരുഷന്മാരുടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലുമായി ഇന്ന് തുടങ്ങും. പുരുഷന്മാരുടെ ഫുട്‌ബോള്‍ മത്സരത്തില്‍ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം. ഫുട്‌ബോളില്‍ വനിതകളുടെ മത്സരങ്ങള്‍ നടക്കുന്നത് ഇന്ന് മുതല്‍ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ്. മത്സരത്തില്‍ കേരളം ഇന്ന് വൈകിട്ട് 7.30ന് പശ്ചിമ ബംഗാളിനെ നേരിടും. കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 4.30ന് കേരളം ഝാര്‍ഖണ്ഡിനെ നേരിടും.
കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍, കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരങ്ങള്‍, ചേറായി ബീച്ചില്‍ യാച്ചിംഗ് മത്സരങ്ങള്‍ എന്നിവയാണ് ഇന്ന് തുടക്കം കുറിക്കുന്ന മറ്റ് മത്സര ഇനങ്ങള്‍.