Connect with us

Kerala

ഉദ്ഘാടന ചടങ്ങില്‍ നിന്ന് വി എസ് വിട്ടുനിന്നു

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. ഉദ്ഘാടന സമ്മേളനത്തിന് വിളിക്കാതെ തന്നെ അപമാനിച്ചുവെന്ന് വി എസ് ആരോപിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വി എസ് തീരുമാനത്തില്‍ ഉറച്ചു നിന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വി എസ്, തിരുവഞ്ചൂരിനോട് ഉറപ്പിച്ചു പറയുകയും ചെയ്തു. അതേസമയം, വി എസിനെ ക്ഷണിച്ചിരുന്നതായി തിരുവഞ്ചൂര്‍ വ്യക്തമാക്കി.
ഉദ്ഘാടനചടങ്ങ് സംബന്ധിച്ച് ഗെയിംസ് സംഘാടക കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ വി എസിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ നിന്ന് വി എസിന്റെ പേര് ഒഴിവാക്കിയത് വിവാദമായിരുന്നു. പ്രതിപക്ഷ നേതാവിനെ സര്‍ക്കാര്‍ അവഗണിച്ചെന്ന് വി ശിവന്‍കുട്ടി എം എല്‍ എ ആരോപിച്ചു. മേയറുടെ കാര്യത്തിലും പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി. ഗെയിംസിനുള്ള പാസ് വിതരണത്തിലും ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. പ്രതിഷേധമുണ്ടെങ്കിലും തങ്ങളുടെ ഭാഗത്തു നിന്ന് അപസ്വരങ്ങള്‍ ഉണ്ടാകില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. അതിനിടെ ഉദ്ഘാടന ചടങ്ങിലെത്താനുള്ള പാസുകള്‍ പൂഴ്ത്തിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ മുന്‍ കായിക മന്ത്രി പന്തളം സുധാകരനും ഉന്നയിച്ചു.
എന്നാല്‍, ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പ്രതിപക്ഷ നേതാവിനെ നേരില്‍ ക്ഷണിക്കുന്നതിനായി നിരവധി തവണ അദ്ദേഹവുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വിളിച്ച സമയത്തെല്ലാം അദ്ദേഹം വിവിധ ജില്ലകളിലെ പാര്‍ട്ടി സമ്മേളനങ്ങളിലായിരുന്നു. പ്രതിപക്ഷ നേതാവിനുള്ള ക്ഷണപത്രവും അദ്ദേഹത്തിന്റെ സ്റ്റാഫിനും പങ്കെടുക്കാനുള്ള പാസ്സും അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിച്ചുകൊടുത്തിരുന്നതായും തിരുവഞ്ചൂര്‍ പറഞ്ഞു.

Latest