Connect with us

Sports

മികവ് ആവര്‍ത്തിക്കാന്‍ സൈക്ലിംഗ് ടീം

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ വിജയം ആവര്‍ത്തിക്കാന്‍ സൈക്ലിംഗ് ടീം. റാഞ്ചിയില്‍ നടന്ന കഴിഞ്ഞ ദേശീയ ഗെയിംസില്‍ 15 മെഡലുകള്‍ വാരിക്കൂട്ടിയ സൈക്കിളിംഗ് താരങ്ങള്‍ ഇത്തവണ അതിലും മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. വിജയ പ്രതീക്ഷ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏറെയാണെന്ന് ടീമിന്റെ മുഖ്യപരിശീലകനും കേരള സൈക്കിളിംഗ് അസോസിയേഷന്‍ സെക്രട്ടറിയുമായ എസ് എസ് സുധീഷ് കുമാര്‍ പറഞ്ഞു. വ്യക്തിഗത ഇനങ്ങളില്‍ സര്‍വീസസും പഞ്ചാബും ഹരിയാനയും മറ്റും കേരളത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ റോഡ് ഇനങ്ങളില്‍ കര്‍ണാടകയും തമിഴ്‌നാടും ഹരിയാനയുമാണ് വെല്ലുവിളി ഉയര്‍ത്തുക.
ട്രാക്ക് മത്സരങ്ങളില്‍ എട്ട് ഇനത്തില്‍ പുരുഷന്‍മാരും എട്ട് ഇനത്തില്‍ വനിതകളുമായി 16 ഇനത്തില്‍ കേരളം മത്സരിക്കും. റോഡ് ഇനത്തില്‍ വനിത, പുരുഷ വിഭാഗത്തിലായി നാല് ഇനങ്ങളിലും മത്സരിക്കുന്നുണ്ട്.
പത്ത് ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും ഉള്‍പ്പെടെ 20 താരങ്ങളാണ് പരിശീലന ക്യാമ്പിലുള്ളത്. ഇവരില്‍ എട്ടുപേര്‍ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ പങ്കെടുത്തവരും മെഡല്‍ നേടിയവരുമായ രാജ്യാന്തര താരങ്ങളാണ്. മഹിത മോഹന്‍, രജനി വി, ലിഡിയ, ഖസിയ, പാര്‍വതി വിജി തുടങ്ങിയ രാജ്യാന്തര താരങ്ങള്‍ വനിതാ വിഭാഗത്തിലും പ്രിന്‍സ്, ബസപ്പ, സുബിന്‍ തുടങ്ങിയ രാജ്യാന്തര താരങ്ങള്‍ പുരുഷവിഭാഗത്തിലും കേരളത്തിന് വേണ്ടി മത്സരിക്കാനിറങ്ങും. കഴിഞ്ഞ 20 ദിവസമായി കാര്യവട്ടത്തുള്ള എല്‍ എന്‍ സി പി ഇ സൈക്കിളിംഗ് വെലോഡ്രമ്മിലാണ് പരിശീലനം നടത്തുന്നത്.മാബിന്‍, സൂരജ്. ചന്ദ്രന്‍ ചെട്ടിയാര്‍ എന്നിവരാണ് കേരള സൈക്കിളിംഗ് ക്യാമ്പിലുള്ള മറ്റ് പരിശീലകര്‍.

Latest