Connect with us

Sports

ഗോദയില്‍ കാണാം

Published

|

Last Updated

കണ്ണൂര്‍: പിഴക്കാതെ അടവുകള്‍ പതിനാലും പയറ്റി പതിമൂന്നു വര്‍ഷത്തിനുശേഷം ഗുസ്തിയില്‍ മെഡല്‍ വേട്ടക്കിറങ്ങാനൊരുങ്ങുകയാണ് കേരളാ ടീം. എതിരാളികളെ മലര്‍ത്തിയടിക്കാനുള്ള എല്ലാ തന്ത്രങ്ങളും പേരുകേട്ട പഴയ കണ്ണൂര്‍ ഗോദയില്‍ പയറ്റാന്‍ കേരളതാരങ്ങള്‍ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. കണ്ണൂര്‍ മുണ്ടയാട്ടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ ഗുസ്തി മത്സരത്തിലാണ് ഒരു കൈ പയറ്റാന്‍ കേരളാ ടീം ഒരുങ്ങിയിറങ്ങുന്നത്.

നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയ്‌ക്കൊപ്പം ഇക്കുറി ലഭിച്ച മികച്ച പരിശീലനം കൂടിയാകുമ്പോള്‍ കരുത്തുറ്റ പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ. കേരളത്തിന്റെ 24 പേരാണു ഗുസ്തി ഗോദയിലിറങ്ങുന്നത്.
13 വര്‍ഷം മുമ്പ് ജാസ്മിന്‍ ജോര്‍ജിലൂടെ ദേശീയ ഗെയിംസില്‍ മെഡല്‍ ലഭിച്ചതാണു കേരളത്തിന്റെ നേട്ടത്തിന്റെ പട്ടികയില്‍ നിലവിലുള്ളത്. 1999ലെ മണിപ്പൂര്‍ ഗെയിംസില്‍ വനിതകളുടെ 68 കിലോ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ ജാസ്മിന്‍ 2001ല്‍ ജലന്ധറില്‍ നടന്ന ദേശീയ ഗെയിംസില്‍ 68 കിലോ വിഭാഗത്തില്‍ തന്നെ വെങ്കല മെഡലും നേടി. ഇക്കുറിയെന്തായാലും പഴയ നേട്ടം തിരിച്ചുപിടിക്കാനാവുമെന്ന് തന്നെയാണ് കരുതുന്നതെന്ന് കണ്ണൂരിലെത്തിയ ടീമംഗങ്ങള്‍ ഒരേ ശബ്ദത്തില്‍ പറയുന്നു. പുരുഷന്മാര്‍ക്കു ഫ്രീസ്റ്റൈല്‍, ഗ്രീക്കോ റോമന്‍ വിഭാഗത്തിലും വനിതകള്‍ക്കു ഫ്രീസ്റ്റൈലില്‍ മാത്രവുമാണ് മത്സരം. ഈമാസം പഞ്ചാബിലെ കുരുക്ഷേത്രയില്‍ നടന്ന ദേശീയ അന്തര്‍ സര്‍വകലാശാലാ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ അഞ്ജുമോള്‍ ജോസഫിന്റെ നേതൃത്വത്തിലാണ് വനിതാ ടീം മത്സരത്തിനിറങ്ങുന്നത്.
ശക്തരായ ഹരിയാന, ഡല്‍ഹി, റെയില്‍വേ, സര്‍വീസസ് താരങ്ങളോടാണ് കേരളം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ദേശീയ മത്സരത്തില്‍ പുരുഷ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ റെയില്‍വേക്കായിരുന്നു ചാമ്പ്യന്‍ഷിപ്പ്. സര്‍വീസസായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്.
പുരുഷ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ സര്‍വീസസ് ആധിപത്യമുറപ്പിച്ചപ്പോള്‍ തൊട്ടുപിന്നിലായി റെയില്‍വേയെത്തി. വനിതാ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഹരിയാന ആദ്യമെത്തിയപ്പോള്‍ ഡല്‍ഹിക്കായിരുന്നു രണ്ടാംസ്ഥാനം. ഇന്നു മുതല്‍ നാലുവരെ നടക്കുന്ന മത്സരം ഉച്ചക്ക് ഒന്നുമുതല്‍ രാത്രി ഏഴു വരെയാണ്.
ഒരുദിവസം ആറു ഭാരയിനങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ രണ്ടുപേര്‍ വീതം മത്സരിക്കും. മത്സരാര്‍ഥികളുടെ ഭാരം തലേദിവസമാണ് രേഖപ്പെടുത്തുന്നത്. അന്നുതന്നെയാണ് ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ഒപ്പം മത്സരിക്കേണ്ട പൂളുകളിലെ മത്സരാര്‍ഥികളെയും തിരഞ്ഞെടുക്കുക.
സാധാരണ ലഭിക്കാറുള്ള 15 ദിവസത്തെ ക്യാമ്പില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ രണ്ടര മാസത്തിലേറെ കേരള ടീമംഗങ്ങള്‍ക്കു പരിശീലനത്തിനു സമയം ലഭിച്ചതായും ഇതു കൂടുതല്‍ ആത്മവിശ്വാസം ടീമംഗങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നും കേരള റെസ്‌ലിംഗ് അസോസിയേഷന്‍ സെക്രട്ടറിയും ദേശീയ ഗെയിംസ് ഗുസ്തി മത്സര ഡയറക്ടറുമായ വി എന്‍ പ്രസൂദ് പറഞ്ഞു.
കണ്ണൂരില്‍ നടക്കുന്ന ഗുസ്തി മത്സരത്തില്‍ പുരുഷതാരങ്ങളായി 148 പേരും വനിതാ താരങ്ങളായി 84 പേരും 44 കോച്ചും 40 മാനേജര്‍മാരും 65 ടെക്‌നീഷ്യന്മാരുമാണ് പങ്കെടുക്കുന്നത്. മത്സരത്തില്‍ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളുണ്ടാകും. ഗുസ്തിക്ക് 24 സ്വര്‍ണം, 24 വെങ്കലം, 48 ഓട് എന്നിങ്ങനെയാണ് മെഡലുകള്‍.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest