Connect with us

National

ജയന്തി നടരാജന്റെ കാലത്തെ അനുമതികള്‍ സി ബി ഐ പരിശോധിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ജയന്തി നടരാജന്റെ കാലത്ത് പരിസ്ഥിതി മന്ത്രാലയം ഝാര്‍ഖണ്ഡിലെ രണ്ട് ഇരുമ്പയിര് ബ്ലോക്കുകള്‍ക്ക് അനുമതി നല്‍കിയത് സി ബി ഐ പരിശോധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സി ബി ഐ അഞ്ച് പ്രാഥമിക അന്വേഷണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഒന്നിലും ജയന്തിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത് പരിശോധിക്കുകയാണെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. അവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. രജിസ്റ്റര്‍ ചെയ്ത എല്ലാ പ്രാഥമിക അന്വേഷണങ്ങളും അന്വേഷണ ഘട്ടത്തിലാണ്. ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ജയന്തിയെ ചോദ്യം ചെയ്യാന്‍ താമസമെടുക്കുമെന്നും സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
ഇരുമ്പയിര് ബ്ലോക്കുകള്‍ ലഭിച്ച കമ്പനിയിലെ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി, വനം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, മറ്റ് പേര് വെളിപ്പെടുത്താത്തവര്‍ എന്നിവര്‍ക്കെതിരെയാണ് പ്രാഥമികാന്വേഷണം രജിസ്റ്റര്‍ ചെയ്തത്. ഝാര്‍ഖണ്ഡിലെ ഇരുമ്പയിര്, മഗ്നീഷ്യം ഖനികളിലെ അനധികൃത ഖനനങ്ങളെ സംബന്ധിച്ച് അന്വേഷിച്ച എം ബി ഷാ കമ്മീഷന്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ശിപാര്‍ശ ചെയ്തിരുന്നു. 2013 ഒക്‌ടോബറിലാണ് ഷാ കമ്മീഷന്‍ അനധികൃത ഖനനത്തെ സംബന്ധിച്ച് പ്രഥമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടുണ്ട്.