Connect with us

National

ഡല്‍ഹിയില്‍ പ്രചാരണ പോസ്റ്ററുകളിലും പ്രസംഗങ്ങളിലും ബേദി 'ഔട്ട്'

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി ജെ പിയുടെ ചില തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും നേതാക്കളുടെ പ്രസംഗങ്ങളിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി പുറത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രീതി നാടകീയമായി മാറ്റം വരുത്താനുള്ള തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വോട്ടെടുപ്പിന് ഏഴ് ദിവസം മാത്രം അവശേഷിക്കെ, എ എ പിയെയും അരവിന്ദ് കെജ്‌രിവാളിനെയും നിഷ്പ്രഭമാക്കാന്‍ വന്‍തോക്കുകളെ അമിത് ഷാ രംഗത്തിറക്കുമ്പോഴാണ് ഇതെന്നത് ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രാദേശിക പാര്‍ട്ടി സ്ഥാനാര്‍ഥികളും മാത്രമാണ് നിരവധി മണ്ഡലങ്ങളില്‍ പതിച്ച പോസ്റ്ററുകളിലുള്ളത്. പാര്‍ട്ടിയില്‍ ചേര്‍ന്ന് മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് ദിവസങ്ങള്‍ക്കകം ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിയിലെ മുറുമുറുപ്പ് ഇപ്പോഴും അവസാനിച്ചിട്ടില്ല. ജാനകിപുരിയില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തില്‍ ബേദിയെ സംബന്ധിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഈസ്റ്റ് ഡല്‍ഹിയിലെ സി ബി ഡി ഗ്രൗണ്ടില്‍ മോദി ഇന്ന് പ്രസംഗിക്കുന്നുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗത്തിലും ബേദി ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ വസതിയോ കാറോ സ്വീകരിക്കില്ലെന്നാണ് കെജ്‌രിവാളിന്റെ വാഗ്ദാനം. നീല കാറിലാണ് ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സഞ്ചാരം. അത് ആഡംബര കാറിലേക്ക് മാറും. വസതിക്ക് സമീപം വിമാനം പാര്‍ക്ക് ചെയ്യാന്‍ വരെ കെജ്‌രിവാള്‍ ആവശ്യമുന്നയിക്കുമെന്നും അമിത് ഷാ പരിഹസിച്ചു. അതിര്‍ത്തിയിലെ പാക് വെടിവെപ്പില്‍ നേരത്തെയുള്ളതില്‍ എന്ത് വ്യത്യാസമാണ് ഇപ്പോഴുള്ളതെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. ഇറ്റാലിയന്‍ കണ്ണടയിലൂടെ നോക്കിക്കൊണ്ടിരിക്കുന്ന രാഹുലിന് എന്ത് വ്യത്യാസം കാണാനാണ്? ഷാ ചോദിച്ചു.
പ്രധാനമന്ത്രി മോദിയുടെ ജനകീയതയെയാണല്ലൊ പാര്‍ട്ടി അവലംബിക്കുന്നതെന്ന ചോദ്യത്തിന് ഡല്‍ഹിയിലെ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് ജഗദീഷ് മുഖി ക്ഷോഭിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു. “മോദിയുടെ പേര് ഉയര്‍ത്തിക്കാട്ടുന്നതില്‍ എന്താണ് തെറ്റ്? മോദി കഴിവുള്ളയാളാണ് ജനങ്ങള്‍ക്കറിയാം. അതാണ് പ്രധാനം”.

Latest