ഗ്രീക്ക് വിജയത്തിന്റെ നാനാര്‍ഥങ്ങള്‍

Posted on: February 1, 2015 9:49 am | Last updated: February 1, 2015 at 9:52 am

The head of radical leftist Syriza party Tsipras speaks to supporters after winning the elections in Athensഗ്രീസിന്റെ സ്ഥാനം വളരെയേറെക്കാലമായി സ്‌പെയിനിനും പോര്‍ച്ചുഗലിനും അയര്‍ലാന്‍ഡിനും ഇറ്റലിക്കുമൊപ്പമായിരുന്നു. ഈ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളുടെ പൊതു സവിശേഷത ഇവ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുകയായിരുന്നുവെന്നത് തന്നെയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന് മുമ്പേ തകരുകയും പലരും മാന്ദ്യം പിന്നിട്ടിട്ടും കരകയറാതെ വലയുകയും ചെയ്യുകയായിരുന്നു വലിയ പാരമ്പര്യമുള്ള ഈ രാജ്യങ്ങള്‍. കടുത്ത തൊഴിലില്ലായ്മ. നെഗറ്റീവിലേക്ക് നീങ്ങുന്ന സാമ്പത്തിക വളര്‍ച്ച. കര്‍ഷക ആത്മഹത്യകള്‍. എല്ലാ അതിര്‍ത്തികളും ഭേദിച്ച് മുന്നേറിയ പൊതു കടം. വിലക്കയറ്റം. നിരാശയിലമര്‍ന്ന വ്യവസായ രംഗം. പിരിച്ചുവിടലുകള്‍. ഈ പ്രതിസന്ധികളിലേക്ക് കൂനിന്‍മേല്‍ കുരുവാകാന്‍ നെറികെട്ട അഴിമതികള്‍. ഇത്തരമൊരു വിഷമവൃത്തത്തിലൂടെ കടന്ന് പോകുകയായിരുന്ന ഈ സമ്പദ്‌വ്യവസ്ഥകള്‍ക്ക് യൂറോപ്യന്‍ യൂനിയനും ഐ എം എഫും ലോകബേങ്കും നിശ്ചയിച്ചത് ഒരേ മരുന്നായിരുന്നു. കൂടുതല്‍ ആവേശപൂര്‍വം നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുക. ക്ഷേമമേഖലയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങുക. പരമാവധി കടമെടുക്കുക. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുക. സ്വകാര്യവത്കരണം ശക്തമാക്കുക. എല്ലാം വിപണിക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുക. ഈ നയം അപ്പടി പിന്തുടര്‍ന്നാല്‍ ജര്‍മനിയും ഫ്രാന്‍സുമെല്ലാം കനിഞ്ഞരുളുന്ന പാക്കേജ് കിട്ടും. നാട്ടില്‍ ഉയര്‍ന്നുവന്ന സമരങ്ങളും പണിമുടക്കുകളും ഒന്നും ഗൗനിക്കാതെ മുന്നോട്ട് പോകുകയായിരുന്നു ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍. ജനങ്ങളുടെ ആധികള്‍ക്ക് ഒരു വിലയുമില്ല. തത്കാല ആശ്വാസത്തിന് രക്ഷാ പാക്കേജ് തരപ്പെടുത്തുക തന്നെ. ജനാധിപത്യത്തിന്റെ പുരാതന മാതൃകയായ നഗരരാഷ്ട്രങ്ങളുടെ നാടാണ് ഗ്രീസ്. ആ പാരമ്പര്യം വിളിച്ചോതുന്ന കൂറ്റന്‍ പ്രക്ഷോഭങ്ങളാണ് ഗ്രീസില്‍ അരങ്ങേറിയത്. തൊഴിലാളികളും വിദ്യാര്‍ഥികളും തെരുവിലിറങ്ങി. കര്‍ഷകര്‍ കൃഷിഭൂമികളെ സമരഭൂമിയാക്കി മാറ്റി. അവര്‍ വിളിച്ചു പറഞ്ഞു: ഭരണാധികാരികളേ ഈ നയം കൊണ്ട് നമ്മുടെ ജി ഡി പിയില്‍ 30 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. തൊഴിലില്ലായ്മ 26 ശതമാനം വര്‍ധിച്ചു. ആളുകളുടെ ക്രയശേഷി തിരിച്ചുപിടിക്കാതെ എങ്ങനെ നാം കരകയറും? ചോദ്യങ്ങള്‍ പക്ഷേ, ബധിരകര്‍ണങ്ങളില്‍ പതിച്ചു. എല്ലാം പുറമേ നിന്ന് തീരുമാനിച്ചു.
ഈ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ ബാലറ്റിലൂടെ കണക്ക് തീര്‍ത്തപ്പോള്‍ ഗ്രീസില്‍ യൂറോപ്പിനെയാകെ പിടിച്ചുലയ്ക്കുന്ന ഒരു ജനവിധി പിറന്നിരിക്കുന്നു. പോയവാരം ഗ്രീസില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ജനതയുടെ ശബ്ദം ഭരണനേതൃത്വത്തിനും വിദഗ്ധര്‍ക്കും മേല്‍ ഉയര്‍ന്നു നില്‍ക്കുകയും അത് വിജയം കുറിക്കുകയും ചെയ്യുന്ന മനോഹരമായ ജനാധിപത്യത്തിന്റെ ഉദ്‌ഘോഷമാണ്. നിലവില്‍ ഗ്രീസിന്റെ ഭരണം കൈയാളിയിരുന്ന അന്റോണിസ് സമരാസിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റമ്പി. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം മാത്രമുള്ള ഇടതുപക്ഷ പാര്‍ട്ടി സിറിസ വിജയക്കൊടി പാറിച്ചു. നാല്‍പത് വയസ്സ് മാത്രമുള്ള ഇടത് നേതാവ് അലക്‌സിസ് സിപ്രസ് രാജ്യത്തെ നയിക്കും. പരമ്പരാഗത ഇടതു പാര്‍ട്ടികളെയും വലതുപക്ഷ പാര്‍ട്ടികളെയും ഒരു പോലെ പിന്തള്ളിയാണ് സിപ്രസിന്റെ സിറിസ ചരിത്രം കുറിച്ചിരിക്കുന്നത്. 36 ശതമാനം വോട്ടാണ് സിറിസ പാര്‍ട്ടി നേടിയത്. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയേക്കാള്‍ ഒന്‍പത് ശത്മാനം അധികം വോട്ടുകള്‍. 300 അംഗ പാര്‍ലിമെന്റില്‍ കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റിന്റെ കുറവുണ്ടാകും സിറിസക്ക്. 12 അംഗങ്ങളുള്ള വലതുപക്ഷ പാര്‍ട്ടിയായ നാഷനലിസ്റ്റുകള്‍ അലക്‌സി സിപ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സിപ്രസ് അധികാരത്തിലേറുമ്പേള്‍ ഈ സിവില്‍ എന്‍ജിനീയര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച ഭാവിയിലേക്കുള്ള ബ്ലൂ പ്രിന്റ് തന്നെയാണ് പ്രതീക്ഷ പകരുന്നത്. ഈ പ്രതീക്ഷാ ഭാരം എത്രമാത്രം പാലിക്കാനാകുമെന്നതിനെ ആശ്രയിച്ചിരിക്കും ഈ വിജയത്തിന്റെ യഥാര്‍ഥ വിജയം.
വിധേയത്വത്തിന്റെ കാണാച്ചരടുകള്‍ ഒളിപ്പിച്ചുവെച്ച നിലവിലുള്ള വായ്പാ കരാര്‍ വ്യവസ്ഥ റദ്ദാക്കുകയും പുതിയ വ്യവസ്ഥകള്‍ ഐ എം എഫിനും യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കിനും മുന്നില്‍ വെക്കുകയും ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സിപ്രസ് ഉറപ്പ് നല്‍കിയിരുന്നു. പിരിച്ചു വിട്ട സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ തിരിച്ചെടുക്കും. പൊതു മേഖലാ സ്ഥാപനങ്ങള്‍ തിരിച്ചുപിടിക്കും. ക്ഷേമ പദ്ധതികളില്‍ സര്‍ക്കാറിന്റെ മുതല്‍ മുടക്ക് തിരിച്ച് കൊണ്ടുവരും. മിനിമം കൂലി വര്‍ധിപ്പിക്കും. ആത്യന്തികമായി ഗ്രീസിന്റെ അന്തസ്സ് തിരിച്ചു പിടിക്കും. യൂറോപ്പിനോട് കൂടുതല്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള സാഹചര്യമൊരുക്കും. ഭരണകൂടത്തിന്റെ തെറ്റിന് ജനങ്ങള്‍ പിഴയൊടുക്കേണ്ടതില്ല. അതിന് ഭരണകൂടം തന്നെ പരിഹാരം കാണണം. തൊഴില്‍ പോയ പുരുഷന്‍മാര്‍ വീട്ടിലിരിക്കുമ്പോള്‍ കുട്ടികളെ പോറ്റാന്‍ തെരുവിലിറങ്ങിയ സ്ത്രീകളാണ് സിപ്രസിന്റെ വാക്കുകള്‍ ആദ്യം ഏറ്റെടുത്തത്. ഈ മനുഷ്യന്‍ നമ്മളെപ്പറ്റിയാണല്ലോ സംസാരിക്കുന്നത് എന്ന് അവര്‍ പരസ്പരം ചോദിച്ചു. കുടുംബങ്ങളിലാണ് ഈ ജനാധിപത്യ വിജയത്തിന്റെ ആദ്യ മിന്നലാട്ടങ്ങള്‍ കണ്ടത്. മെല്ലെ അത് പുറത്തേക്ക് വന്നു. മാധ്യമങ്ങള്‍ ഈ ചര്‍ച്ച ഏറ്റെടുത്തു. അതുകൊണ്ട് സിറിസ പാര്‍ട്ടിയുടെ വിജയം എല്ലാ സര്‍വേക്കാരും പ്രവചിച്ചു. ആറ് ശതമാനം അധികം വോട്ടാണ് പ്രവചിക്കപ്പെട്ടത്. എന്നാല്‍ അത് ഒന്‍പത് ശതമാനമായതിന്റെ അര്‍ഥം ഇടതുപക്ഷവുമായി ഒരു ആഭിമുഖ്യവുമില്ലാത്ത ആയിരക്കണക്കായ മനുഷ്യര്‍ സിറിസക്ക് വോട്ട് കുത്തിയെന്നാണ്.
സിറിസ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന നയങ്ങള്‍ യൂറോപ്യന്‍ യൂനിയന്റെ അടിസ്ഥാന സാമ്പത്തിക നയങ്ങളെ വെല്ലുവിളിക്കുന്നുവെന്നതിനാല്‍ അവര്‍ അധികാരത്തില്‍ വരാതിരിക്കാന്‍ ജര്‍മനിയും ഫ്രാന്‍സുമൊക്കെ ശക്തമായ പ്രചാരണമാണ് നടത്തിയത്. യൂറോപ്യന്‍ യൂനിയന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക ചേരിക്ക് ബദലാകുമെന്നും യൂറോ കറന്‍സി ഡോളറിന്റെ മേല്‍ക്കോയ്മ അവസാനിപ്പിക്കുമെന്നുമായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ വലിയ ചട്ടമ്പിക്ക് മുന്നില്‍ നട്ടെല്ല് വളച്ച് നില്‍ക്കുന്ന ചിന്ന ചട്ടമ്പിയെപ്പോലെയാണ് യൂറോപ്യന്‍ യൂനിയന്‍ കാലാന്തരത്തില്‍ പരിണമിച്ചത്. വിപണിയധിഷ്ഠിത സാമ്പത്തിക ക്രമം യൂനിയനിലെ അംഗരാജ്യങ്ങള്‍ക്ക് മേല്‍ ഇ യു അടിച്ചേല്‍പ്പിക്കുകയായിരുന്നു. സംയുക്ത കറന്‍സി സുരക്ഷിതത്വമെന്ന പ്രലോഭനത്തിലൂടെ അംഗ രാജ്യങ്ങളുടെ സ്വയം നിര്‍ണായാവകാശം കവര്‍ന്നെടുക്കുകയാണ് യൂനിയന്‍ ചെയ്തത്. ഈ അഭിനവ അടിമത്തത്തില്‍ നിന്ന് കുതറിമാറാനാണ് ഗ്രീസ് സിറിസ പാര്‍ട്ടിയിലൂടെ ശ്രമിച്ചത്. യൂറോപ്യന്‍ യൂനിയന്‍ പാര്‍ലിമെന്റിലേക്ക് മൂന്ന് മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ സിറിസ നിര്‍ണായക മുന്നേറ്റം നടത്തിയതോടെ ഗ്രീക്ക് ജനതയുടെ മനസ്സിലിരിപ്പ് വ്യക്തമായിരുന്നു. അതുകൊണ്ട് ഇത്തവണ വലിയ പ്രചാരണ കോലാഹലം അഴിച്ചുവിട്ടു ഇ യു മേലാളന്‍മാര്‍. കെടുകാര്യസ്ഥതയുടെ പ്രതീകമെന്ന് ഒരിക്കല്‍ മുദ്രകുത്തിയ സമരാസിനായി അവര്‍ വക്കാലത്തെടുത്തു. അലക്‌സി സിപ്രസ് വന്നാല്‍ ഗ്രീസ് ഇ യുവില്‍ നിന്ന് ഔട്ട് ആകുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷാ പാക്കേജ് പിന്‍വലിക്കും. ഗ്രീസ് ഒറ്റപ്പെടും. ആരും സഹായിക്കാനുണ്ടാകില്ല. ഇടതു രാഷ്ട്രീയത്തിന് ബന്ധു ബലമില്ല. ഇങ്ങനെയൊക്കയാണ് യൂറോപ്യന്‍ സിംഹങ്ങള്‍ പേടി കൂട്ടിയത്. ഗ്രീക്ക് ജനത പക്ഷേ അലക്‌സിയുടെ യുവത്വത്തില്‍ വിശ്വാസം അര്‍പ്പിച്ചു.
ഗ്രീക്ക് വിജയം~ഒരു പാട് ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. എന്തൊക്കെയാണ് വിജയം ലോകത്തിന് നല്‍കുന്ന പാഠങ്ങള്‍? എന്തായിരിക്കും ഗ്രീസിന്റെ ഭാവി? അലക്‌സി സിപ്രസിനും സംഘത്തിനും ജനത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കാനാകുമോ? സോവിയറ്റ് യൂനിയന്റെ പതനശേഷം യൂറോപ്പിലാകെ സാധ്യമായ വലതുപക്ഷ കക്ഷികളുടെ ഐക്യനിരയെ ചെറുതായെങ്കിലും വെല്ലുവിളിക്കാനും ഇടതു മുന്നേറ്റത്തിന്റെ സാധ്യതകളിലേക്ക് വഴിവെട്ടാനും ഈ വിജയം ഹേതുവാകും. ബദല്‍ പ്രതീക്ഷകള്‍ക്ക് അത് കരുത്തു പകരുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. അമേരിക്കന്‍ പ്രസിഡന്റിന്റെ സൗഹൃദ നാട്യങ്ങള്‍ ആനക്കാര്യമായി കൊണ്ടാടുകയും അദ്ദേഹത്തോടൊപ്പം ചായ കുടിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് കോട്ട് തുന്നുകയും ജനാഭിലാഷത്തിന് വിരുദ്ധമായി എല്ലാം സാമ്രാജ്യത്വത്തിന് മുന്നില്‍ അടിയറവെക്കുകയും ചെയ്യുന്ന അഴകിയ രാവണന്‍മാര്‍ക്ക് ഗ്രീസിലെ ഫലം വലിയ പാഠമാകേണ്ടതാണ്. ഭരണത്തലവന്‍മാര്‍ അടച്ചിട്ട മുറിയില്‍ തീരുമാനിക്കുന്നത് അപ്പടി വിഴുങ്ങാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നില്ല. ജനാധിപത്യപരമായ ആയുധങ്ങള്‍ അവരുടെ ആവനാഴിയിലുണ്ട്. അത് മനസ്സിലാക്കാത്ത ഭരണാധികാരികളെ ചരിത്രം വിചാരണ ചെയ്യും.
യൂറോപ്യന്‍ ശക്തികളുമായി ഏറ്റുമുട്ടലിനില്ലെന്ന് സിപ്രസ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിച്ചിട്ടുണ്ട്. 27000 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കുക തന്നെ ചെയ്യും. എന്നാല്‍ വായ്പ തന്നവര്‍ അടിച്ചേല്‍പ്പിക്കുന്ന എല്ലാ നിബന്ധനകളും അംഗീകരിക്കില്ല. കീഴടങ്ങരുതെന്നാണ് ഗ്രീക്ക് ജനത തന്നോട് പറഞ്ഞിട്ടുള്ളത്. ആ നിശ്ചയ ദാര്‍ഢ്യം മാനിക്കും- സിപ്രസ് പറയുന്നു. എന്നാല്‍ എങ്ങനെയെന്ന ചോദ്യത്തിന് തിടുക്കപ്പെട്ട മറുപടി സാധ്യമല്ല. അത് നിരവധിയായ ചര്‍ച്ചകളിലൂടെ രൂപപ്പെട്ട് വരേണ്ടതാണ്. അത് പ്രായോഗികതയുടെ പ്രശ്‌നമാണ്. സ്വകാര്യവത്കരണ നീക്കങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വെച്ച് കഴിഞ്ഞു. വരും കാലങ്ങളില്‍ ജനം നേതാവിനും നേതാവ് ജനങ്ങള്‍ക്കും സൂക്ഷിപ്പ് മുതലായി നല്‍കിയ ആത്മാഭിമാനം കാത്തുസൂക്ഷിക്കാന്‍ ഗ്രീസിന്റെ പുതിയ നേതാവിന് സാധിക്കുമോയെന്നതാണ് അടിസ്ഥാനപരമായ ചോദ്യം.