പാറ്റൂര്‍ ഭൂമിയിടപാട്: മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തി ഭരത് ഭൂഷണ്‍

Posted on: February 1, 2015 12:37 am | Last updated: February 1, 2015 at 9:38 am

bharath booshanതിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഫ്‌ളാറ്റ് ഭൂമിയിടപാടില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടെതായിരുന്നുവെന്ന് ഇ കെ ഭരത് ഭൂഷന്റെ വെളിപ്പെടുത്തല്‍. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ചയുടനെയാണ് പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പങ്കിനെപ്പറ്റി ഭരത് ഭൂഷണ്‍ വെളിപ്പെടുത്തിയത്. പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട ഫയല്‍ കൈകാര്യം ചെയ്യുന്നതില്‍ തെറ്റുപറ്റിയിട്ടില്ല. പാറ്റൂര്‍ ഭൂമി കൈയേറ്റത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയാണ് താന്‍ ചെയ്തത്. ഇതില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടെതായിരുന്നു. പാറ്റൂരില്‍ സ്വകാര്യവ്യക്തി ഭൂമി കൈയേറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഉപസമിതി നല്‍കിയത്. ഇതില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തതില്‍ തെറ്റില്ല. ഇക്കാര്യങ്ങള്‍ ലോകായുക്തക്ക് പരിശോധിക്കാം. തനിക്കെതിരെ വിജിലന്‍സ് എ ഡി ജി പി ജേക്കബ് തോമസ് നല്‍കിയ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ മാത്രം കാഴ്ചപ്പാടാണ്. മറ്റ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് സ്വകാര്യവ്യക്തി സര്‍ക്കാറിന് അപേക്ഷ നല്‍കിയത്. 14.8 ലക്ഷം രൂപ ഇതിനായി അടയ്ക്കണമെന്ന് സ്വകാര്യവ്യക്തിയോട് നിര്‍ദേശിച്ചു. ഇതടക്കുകയും ചെയ്തു. എന്നാല്‍, അന്തിമതീരുമാനമുണ്ടായില്ല. തുടര്‍ന്ന് 2012 ജനുവരിയില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പാറ്റൂര്‍ ഭൂമിയിടപാടിനെക്കുറിച്ച് പഠിച്ച ശേഷം പൈപ്പ് മാറ്റാന്‍ ഉത്തരവ് നല്‍കി.
ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ യോഗം വിളിച്ച് വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണമെന്ന് തന്നോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ മുന്നിലെത്തിയ ഉപസമിതി റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ലോകായുക്തയില്‍ കേസ് നിലനില്‍ക്കുകയാണ്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ താന്‍ ചെയ്തിട്ടുണ്ട്. തന്റെ നിര്‍ദേശമില്ലാതെ ചെയ്ത കാര്യങ്ങള്‍ സര്‍ക്കാറിനെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇനിയും തനിക്കെതിരെ കേസുണ്ടായാല്‍ നേരിടും. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന തനിക്കെതിരായ ആരോപണം വസ്തുതാവിരുദ്ധമാണ്. ആരോപണങ്ങള്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ട്. താന്‍ ചെയ്ത കാര്യങ്ങള്‍ ശരിയാണെന്ന് കാലം തെളിയിക്കും. ചീഫ് സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍, എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും മൂന്നു നാല് ഉദ്യോഗസ്ഥരുമായി പ്രശ്‌നങ്ങളുണ്ടാകുമെന്നായിരുന്നു മറുപടി.
ചീഫ് സെക്രട്ടറിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കേണ്ടത്. അതിനാല്‍ അങ്ങനെയൊക്കെയുണ്ടാകും.
ഇപ്പോള്‍ ഐ എ എസ് അസോസിയേഷന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഭരത്ഭൂഷന്‍ ചോദിച്ചു. മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരുമായി തര്‍ക്കമുണ്ടായിട്ടില്ല. ഒരുപ്രശ്‌നമുണ്ടാകുമ്പോള്‍ എതിരഭിപ്രായമുണ്ടാകും. മന്ത്രിസഭയില്‍ തീരുമാനങ്ങളെടുത്തിട്ടുള്ളത് കൂട്ടായാണ്. ചീഫ് സെക്രട്ടറിയെന്ന നിലയില്‍ തനിക്ക് പറയാനുള്ള അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ഭരത്ഭൂഷന്‍ കൂട്ടിച്ചേര്‍ത്തു.