Connect with us

Kerala

സി പി എം അടൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന് അക്രമികള്‍ തീയിട്ടു

Published

|

Last Updated

അടൂര്‍: സി പി എം അടൂര്‍ ഏരിയാ കമ്മിറ്റി ഓഫീസായ സി പി കരുണാകരന്‍പിള്ള സ്മാരക മന്ദിരം ആര്‍ എസ്എസ് അക്രമികള്‍ കത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഓഫീസിനുള്ളില്‍ കടന്ന സംഘം മണ്ണെണ്ണ ഉപയോഗിച്ച് തീയിടുകയായിരുന്നു. ഓഫീസിന്റെ മുന്‍വശത്തെ ഹാളില്‍ ഉണ്ടായിരുന്ന ടി വിയും ഫര്‍ണീച്ചറുകളും അലമാരയില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും ഇലക്ട്രിക് വയറുകളും കത്തി നശിച്ചു. ഏരിയാ സെക്രട്ടറിയുടെ മുറിയോട് ചേര്‍ന്നുള്ള മുറിയിലെ ജന്നല്‍ വഴി മണ്ണെണ്ണ ഒഴിച്ച് മുറിയിലുണ്ടായിരുന്ന ഫര്‍ണീച്ചറും ഇന്‍വര്‍ട്ടറും കത്തിച്ചു.
ടിവി കത്തി വന്‍സ്‌ഫോടനശബ്ദം കേട്ടുണര്‍ന്ന സമീപവാസിയായ വീട്ടമ്മയാണ് തീകത്തുന്നത് കണ്ട് പോലീസിനെ വിവരം അറിയിച്ചത്. പോലീസും അഗ്നിശമനസേനയുമെത്തി തീയണച്ചു. ഓഫീസിന് മുന്നിലെ ഗേറ്റിന് മുകളിലൂടെയാണ് സംഘം ഓഫീസിനുള്ളില്‍ കയറിയത്. ടി വിയും മറ്റും ഇരുന്ന സ്ഥലത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം തുറന്നുകിടന്ന ജന്നല്‍ വഴി മണ്ണെണ്ണ അകത്തേക്ക് ഒഴിച്ച് രണ്ടിടത്തും ഒരുപോലെ തീകത്തിക്കുകയായിരുന്നു. ഓഫീസ് പൂര്‍ണമായി കത്തിക്കാനാണ് ശ്രമിച്ചത്.
വെള്ളിയാഴ്ച പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ആറാട്ടുല്‍സവമായിരുന്നു. രാത്രി പരിപാടി കഴിഞ്ഞാണ് ആര്‍ എസ് എസ് തീകത്തിക്കല്‍ പദ്ധതി ആസൂത്രണം ചെയതെന്നാണ് പോലീസ് കരുതുന്നത്. എല്ലാ വര്‍ഷവും ഉത്സവത്തിന്റെ മറവില്‍ ആര്‍ എസ് എസ് ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത് പതിവാണ്. 2009ല്‍ നടന്ന ക്ഷേത്ര ആറാട്ടുല്‍സവ ദിവസം രാത്രി സി പി എം മൂന്നാളം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുനിലിന്റെ കാല്‍പ്പാദം വീട്ടിനുള്ളില്‍ കയറി വെട്ടിയെടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതും പള്ളിക്കല്‍ ലോക്കല്‍ സെക്രട്ടറി അഡ്വ. കെ ബി രാജശേഖരക്കുറുപ്പിനെ അര്‍ധരാത്രിയില്‍ ആക്രമിച്ചതും പത്ര വിതരണത്തിന് പോയ സി പിഎം പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മിറ്റി അംഗം അധിലിനെയും ഡി വൈഎഫ് ഐ പ്രവര്‍ത്തകനായ സജിത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
സംഭവങ്ങളില്‍ ആര്‍ എസ്എസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാതിരുന്നതാണ് ആര്‍ എസ് എസുകാരുടെ വിളയാട്ടത്തിന് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. സി പി എം ഏരിയാ കമ്മിറ്റി ഓഫീസ് കത്തിച്ച് അടൂരിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂലാലോചനയാണ് നടന്നത്.
പാര്‍ട്ടി ഓഫീസ് കത്തിച്ചതറിഞ്ഞപ്പോള്‍ തന്നെ നൂറുകണക്കിന് സി പി എം പ്രവര്‍ത്തകരാണ് ഓഫീസിലേക്ക് എത്തിയത്. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു,സംസ്ഥാനകമ്മിറ്റി അംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, ചിറ്റയം ഗോപകുമാര്‍ എംഎല്‍ എ, ഏരിയാ സെക്രട്ടറി പി ബി ഹര്‍ഷകുമാര്‍, എ പത്മകുമാര്‍, ടി ഡി ബൈജു,കെ സി രാജഗോപാലന്‍, ബാബുകോയിക്കലേത്ത്, അഡ്വ. കെ ആര്‍ പ്രമോദ്കുമാര്‍, രാധാരാമചന്ദ്രന്‍, റോയിഫിലിപ്പ്, െക കെ ശ്രീധരന്‍ തുടങ്ങിയ നേതാക്കള്‍ ഓഫീസ് സന്ദര്‍ശിച്ചു.
ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, ഡിവൈ എസ് പി എ നസിം, സിഐ എസ് നന്ദകുമാര്‍, എസ്‌ഐ കെ എസ് ഗോപകുമാര്‍ എന്നിവരും ഓഫീസിലെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിഗദ്ധരും എത്തി തെളിവെടുത്തു.
പോലീസ് നായ ഓഫീസില്‍ നിന്നും മണം പിടിച്ച് മൂന്നാളം റോഡിലേക്ക് ഇറങ്ങി റബ്ബര്‍ തോട്ടം വഴിയുള്ള റോഡിലൂടെ വര്‍ക്ക്‌ഷോപ്പിന് മുന്നിലെത്തി തിരിച്ചു വന്ന് മൂന്നാളം റോഡിലിറങ്ങി ബൈപ്പാസ് റോഡിലെത്തി തിരികെ പോന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പകല്‍ മൂന്ന് മുതല്‍ ആറ് വരെ മുനിസിപ്പല്‍ പ്രദേശത്ത് സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.