Connect with us

Kerala

ദേശീയ ഗെയിംസിന് വര്‍ണാഭമായ തുടക്കം

Published

|

Last Updated

national games..inaguration 01തിരുവനന്തപുരം: പതിനായിരങ്ങള്‍ തീര്‍ത്ത കളിയാരവത്തിന്റെ ആവേശം. ഇന്ത്യന്‍ കായിക കരുത്തിന്റെ പരിച്ഛേദമായ മാര്‍ച്ച് പാസ്റ്റ്. ദൃശ്യവിസ്മയം തീര്‍ത്ത വെടിക്കെട്ടും സമര പോരാട്ടങ്ങളുടെ കഥപറഞ്ഞ കലാപ്രകടനങ്ങളും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ പി ടി ഉഷ വരെ ഇന്ത്യന്‍ കായികലോകത്തെ ഇതിഹാസ താരങ്ങളുടെ സാന്നിധ്യം. ലോകത്തിന് മുന്നില്‍ മലയാളത്തിന്റെ അഭിമാനം ഉയര്‍ന്ന സായാഹ്നം സമ്മാനിച്ച ആഹ്ലാദ നിമിഷങ്ങളില്‍ ദേശീയ ഗെയിംസിന്റെ 35-ാം പതിപ്പിന് പ്രൗഢമായ തുടക്കം. ഇനി പതിനഞ്ച് നാള്‍ കളിയാരവങ്ങളുടേതാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഏഴ് ജില്ലകളിലെ 29 വേദികളിലായി ഇന്ത്യന്‍ കായികം ഏറ്റുമുട്ടും. കരുത്തിന്റെ പുതിയ വേഗവും ദൂരവും കുറിക്കാന്‍.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ നിന്ന് ഏറ്റുവാങ്ങിയ ദീപശിഖ മലയാളികളുടെ അഭിമാനമായ പി ടി ഉഷയും അഞ്ജു ബോബിജോര്‍ജും ചേര്‍ന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പടുകൂറ്റന്‍ നിലവിളക്കിലേക്ക് പകര്‍ന്നതോടെയായിരുന്നു ഔപചാരിക തുടക്കം. എം ഡി വത്സമ്മ മുതല്‍ കായിക കേരളത്തിന്റെ കരുത്തരായ 41 ഒളിമ്പ്യന്മാരും അര്‍ജുന അവാര്‍ഡ് ജേതാക്കളും ദീപശിഖയുമായി സ്റ്റേഡിയം വലംവെച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറിയ ശേഷം അദ്ദേഹമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഏല്‍പ്പിച്ചത്.
കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു ഗെയിംസ് ഉദ്ഘാടന ചടങ്ങ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആകാശത്ത് ഒരുക്കിയ പുഷ്പവൃഷ്ടിയോടെയായിരുന്നു തുടക്കം. പിന്നാലെ ഗെയിംസ് കൗണ്ട്ഡൗണ്‍ അവസാനിച്ച് കൊണ്ടുള്ള വെടിക്കെട്ടിനൊപ്പം മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും 101 കലാകാരന്‍മാരും ചെണ്ടയില്‍ വിസ്മയം തീര്‍ത്തു. ഇതിന് പിന്നാലെയാണ് മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ സര്‍വീസസ് ആയിരുന്നു ആദ്യം. ഏറ്റവും ഒടുവിലായി ആതിഥേയരായ കേരളവും. മാര്‍ച്ച് പാസ്റ്റിനൊടുവില്‍ തീം സോംഗിന്റെ പശ്ചാത്തലത്തില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് ഗെയിംസ് പതാക ഉയര്‍ത്തി. കേന്ദ്ര പാര്‍ലിമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവായിരുന്നു ഉദ്ഘാടകന്‍. കായിക മന്ത്രി സര്‍ബാനന്ദ സോനാവാള്‍ മുഖ്യാതിഥിയായി. ഉദ്ഘാടന ചടങ്ങിന് ശേഷം കലാപ്രകടനങ്ങളുടെ ദൃശ്യവിരുന്നൊരുങ്ങി. കുഞ്ഞാലി മരക്കാരുടെ പോരാട്ടകഥകള്‍ മോഹന്‍ലാലിലൂടെ സ്‌ക്രീനിലെത്തി.