Connect with us

Kerala

കൊക്കെയിനുമായി യുവനടന്‍ പിടിയില്‍

Published

|

Last Updated

കൊച്ചി: ലഹരി മരുന്നുമായി ചലച്ചിത്ര നടനും നാല് യുവതികളും അറസ്റ്റില്‍. കടവന്ത്രയിലെ ഫഌറ്റില്‍ നടത്തിയ റെയ്ഡില്‍ തൃശുര്‍ മുണ്ടൂരിലെ ചെറുവത്തുര്‍ ഹൗസില്‍ ഷൈന്‍ ടോം ചാക്കോ, മോഡലുകളായ കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി, ബംഗളൂരു സ്വദേശിനി ബ്ലെസി സില്‍വസ്റ്റര്‍, കാഞ്ഞിരപ്പിള്ളി സ്വദേശിനി സ്‌നേഹ ബാബു, കരുനാഗപ്പള്ളി സ്വദേശിനി ടിന്‍സി ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കടവന്ത്ര ഭാഗത്തുള്ള സ്‌കൈലൈന്‍ ടോപ്പാസ് എന്ന ആഡംബര ഫഌറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് പൗഡര്‍ രൂപത്തിലുള്ള പത്ത് ഗ്രാം കൊക്കെയിനാണ് പിടിച്ചെടുത്തത്. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി നിസാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫഌറ്റ്. അടുത്തകാലത്ത് പുറത്തിറങ്ങിയ “ഇതിഹാസ” എന്ന ചിത്രത്തിലെ നായകന്‍ കൂടിയായ ഷൈന്‍ ടോം നിസാമിന്റെ സുഹൃത്താണ്. യുവതികള്‍ സിനിമ, ഫാഷന്‍, മോഡലിംഗ് എന്നിവയുമായി ബന്ധപ്പെട്ട് എറണാകുളത്ത് എത്തിയതാണ്. രേശ്മയും ബ്ലെസിയും ഗോവ പോലുള്ള സ്ഥലങ്ങളില്‍ നടക്കുന്ന നിശാ പാര്‍ട്ടികളിലെ നിത്യ സന്ദര്‍ശകരാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത പൊടി കൊക്കെയിന്‍ തന്നെയാണോയെന്ന് എക്‌സൈസ് ഉദ്യേഗസ്ഥരുടെ സാഹയത്തോടെ പരിശോധന നടത്തിയാണ് പോലീസ് ഉറപ്പ് വരുത്തിയത്.
ഫഌറ്റില്‍ ഇവരുടെ നീക്കങ്ങള്‍ പോലീസ് നീരീക്ഷിക്കുകയും കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ റെയ്ഡ് നടത്തുകയുമാണുണ്ടായത്.
കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണോ ഇവരെന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. സ്‌മോക്ക് പാര്‍ട്ടി എന്ന പേരില്‍ ഇത്തരത്തിലുള്ള നിശാ പാര്‍ട്ടികള്‍രാജ്യത്തെ പല നഗരങ്ങളിലും നടന്നുവരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴിയായും സോഷ്യല്‍ മീഡിയകള്‍ വഴിയുമാണ് ഇത്തരം പാര്‍ട്ടികളുടെ പ്രചാരണം നടക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Latest