Connect with us

Thrissur

താന്ന്യം പഞ്ചായത്തില്‍ ആദര്‍ശഗ്രാമം

Published

|

Last Updated

അന്തിക്കാട്: താന്ന്യം പഞ്ചായത്തിനെ ആദര്‍ശഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളുടേയും, ഉദ്യോഗസ്ഥരുടേയും ആലോചനാ യോഗം നടന്നു. സന്‍സദ് ആദര്‍ശ് ഗ്രാമയോജന പ്രകാരം ഒരു എം പിക്ക് ജില്ലയില്‍ രണ്ട് പഞ്ചായത്തുകളെ ആദര്‍ശ് ഗ്രാമമായി തെരഞ്ഞെടുക്കാം. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും അന്തിക്കാട് ബ്ലോക്കിലെ താന്ന്യം പഞ്ചായത്തിനെയാണ് സി എന്‍ ജയദേവന്‍ എം പി തെരഞ്ഞെടുത്തിട്ടുള്ളത്.
2016 നോടുകൂടി പദ്ധതിയിലുള്‍പ്പെട്ട ഗ്രാമങ്ങളെ മാതൃകാ ഗ്രാമമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. സമ്പൂര്‍ണ്ണ ശുചിത്വവും, ശുദ്ധമായ കുടിവെള്ളവും ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മുന്‍നിര്‍ത്തി നല്ല ഭരണം കാഴ്ച വെയ്ക്കുന്ന ഗ്രാമങ്ങള്‍ ഉണ്ടാക്കുക എന്നതാണ് മാതൃകാ ഗ്രാമത്തിന്റെ ലക്ഷ്യം. ഇതിനായി ഗ്രാമസഭ, മഹിളാസഭ, ബാലസഭ എന്നിവ വിളിച്ചു കൂട്ടിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കും. സാംസ്‌കാരിക ,കായിക മേളകളും, ഗ്രാമ വികസനത്തിന്റെ മികച്ച മാതൃകകളുടെ പ്രദര്‍ശനവും,ശുചിത്വ കാംബെയിനുകളും, ആരോഗ്യ ക്യാമ്പുകളും, പരാതി പരിഹാര ക്യാമ്പുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പദ്ധതിയുടെ ആദ്യഘട്ടമായി സ്‌കീമിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
ഇതിലേക്ക് ആദ്യ ഘട്ട സര്‍വ്വേ ജനുവരി 31 ന് നടത്തും. തൃപ്രയാര്‍ ശ്രീരാമ ഗവണ്‍മെന്റ് പോളിടെക്‌നിക്, തൃപ്രയാര്‍ എന്‍ ഇ എസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ ജനപ്രതിനിധികളുടെയും ,ഉദ്യോഗസ്ഥന്മാരുടേയും നേതൃത്വത്തിലാണ് സര്‍വ്വേ നടത്തുക. ഗ്രാമത്തിന്റെ വിഭവങ്ങള്‍, തൊഴില്‍, വിദ്യഭ്യാസം എന്നിവ മനസ്സിലാക്കാനും, പോരായ്മകള്‍ കണ്ടെത്താനും ഉതകുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് സര്‍വ്വേയുടെ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 18 വാര്‍ഡുകളിലായി 8000ത്തോളം വീടുകളാണ് ഗ്രാമപഞ്ചായത്തില്‍ ഉള്ളത്. 300 വിദ്യാര്‍ത്ഥികള്‍ സര്‍വ്വേയില്‍ പങ്കാളികളാകും.
താന്ന്യം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ആലോചനാ യോഗം സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്തു. ഗീതാഗോപി എം എല്‍ എ അധ്യക്ഷത വഹിച്ചു. പി എ യു പ്രോജക്ട് ഡയറക്ടര്‍ സി പി ജോസഫ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഷീല വിജയകുമാര്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എന്‍ ശങ്കരന്‍, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത കുമാരന്‍, വൈസ് പ്രസിഡന്റ് ബഷീര്‍ കക്കാട്ടുതറ, അന്തിക്കാട് ബ്ലോക്ക് സെക്രട്ടറി ടി ജി അഭിജിത്ത്, പഞ്ചായത്ത് സെക്രട്ടറി ബെന്നി ഡേവീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Latest