Connect with us

Palakkad

ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാണിയെ മാറ്റി നിര്‍ത്തണം: പന്ന്യന്‍ രവീന്ദ്രന്‍

Published

|

Last Updated

പാലക്കാട്: സംസ്ഥാന ബജറ്റവതരിപ്പിക്കുന്നതില്‍ നിന്നും മാണിയെ മാറ്റി നിര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
ബജറ്റവതരിപ്പിക്കുന്നതില്‍ നിന്നും മാണിയെ മാറ്റി നിര്‍ത്താത്തപക്ഷം ബഹിഷ്‌കരിക്കുക മാത്രമല്ല അദ്ദേഹത്തിനെതിരെയുള്ള സമരം ശക്തമാക്കാന്‍ എല്‍ ഡി എഫ് നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ ജില്ലാ സമ്മളനത്തോടനുബന്ധിച്ച് നെന്മാറയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് അധ്യക്ഷതവഹിച്ചു.
പണ സമ്പാദനത്തിനുള്ള കച്ചവടം നടത്തുന്ന അഴിമതി വീരനായി മന്ത്രി കെ എം മാണി അധപതിക്കുന്നതാണ് കേരളം കാണുന്നതെന്നും. ബാര്‍ കോഴ ഇടപാടില്‍ മാണി കോടികള്‍ കോഴ വാങ്ങിയെന്ന് ഇടതുപക്ഷവും ഭരണപക്ഷത്തെ പ്രമുഖരും പരസ്യമായി പറഞ്ഞിട്ടും തെളിവ് എവിടെയെന്ന് ചോദിച്ച് മാണി ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
പണം കൊടുത്ത ബാറുടമകള്‍ അതിന്റെ തെളിവുകള്‍ വിജിലന്‍സിന് കൈമാറിയിട്ടും മാണിക്ക് വിശുദ്ധന്റെ പദവി നല്‍കാനുള്ള തിരക്കിലാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫിലെ ചില ഘടകകക്ഷികളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാക്കാന്‍ കച്ചകെട്ടിയിറങ്ങിയ മാണി കേരളത്തിന്റെ ശാപമായി മാറുന്ന കാഴ്ചയാണ് കാണേണ്ടിവരുന്നതെന്നും കേരളത്തെ കൂട്ടുകച്ചവട വേദിയാക്കിയ യു ഡി എഫിനെ അടുത്ത് തെരഞ്ഞെടുപ്പോടുകൂടി ജനം തൂത്തറിയുമെന്നും ക്കിടയില്‍ അദ്ദേഹം പറഞ്ഞു.
ബാര്‍ പൂട്ടാനും തുറക്കാന്‍ പണം വാങ്ങിയ മന്ത്രിയെന്ന പേരുദോഷം മാണി അലങ്കാരമായി മാറ്റിയെന്നും പന്ന്യന്‍ പറഞ്ഞു.
കൈക്കൂലിയുടെയും അഴിമതിയുടെയും രാജാക്കന്മാര്‍ കേരളം ഭരിക്കുമ്പോള്‍ മദ്യ വിമുക്ത കേരളത്തിനുവേണ്ടി സുധീരന്‍ നയിച്ച യാത്ര തിരുവനന്തപുരത്തെത്തിയപ്പോള്‍ മദ്യ ശാലകള്‍ തുറക്കുന്ന കാഴ്ചയാണ് കാണേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സത്യന്‍ മൊകേരി, കെ പി രാജേന്ദ്രന്‍, സംസ്ഥാന എക്‌സി. അംഗം വി ചാമുണ്ണി, സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ്‌ബേബി, വിജയന്‍ കുനിശ്ശേരി എം ആര്‍ നാരായണന്‍ പ്രസംഗിച്ചു.

Latest