Connect with us

National

മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ ശിവസേന

Published

|

Last Updated

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ രുക്ഷമായി വിമര്‍ശിച്ച് ശിവസേന. ബി ജെ പി- ശിവസേന സഖ്യത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളിലേക്ക് സൂചന നല്‍കി പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പാരാമര്‍ശം. സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മഹാരാഷ്ട്രയിലേക്കുള്ള വിദേശ നിക്ഷേപകര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഒരു പ്രതീക്ഷയും നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയും ധന മന്ത്രിയും വിദര്‍ഭയില്‍ നിന്നുള്ളവരാണ്. ഇത് ആദ്യമായിട്ടാണ്. പക്ഷേ വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു- സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
ധന മന്ത്രിക്ക് മദ്യം നിരോധിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് കര്‍ഷക ആത്മഹത്യക്ക് അറുതി വരുത്താന്‍ കഴിയുന്നില്ല എന്ന് ചോദിച്ചു കൊണ്ട് സുധീര്‍ മുഖന്തിവാറിനെയും വിമര്‍ശിക്കുന്നുണ്ട്. കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷം ഉണ്ടായിട്ടും, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യാത്ത ബി ജെ പി നടപടിയെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ ഭരണം അനിവാര്യമാണ്. അല്ലാത്തപക്ഷം സംസ്ഥാനം അസ്ഥിരമാണ്. ഭരണത്തില്‍ പങ്കളിയായതിന് എല്ലാം ശരിയാണെന്ന് അര്‍ഥമില്ല. ഭരണകൂടത്തിന്റെ വീഴ്ചകള്‍ക്കെതിരെ പ്രതികരിക്കും. തങ്ങള്‍ വെള്ളത്തിനു മീതെ വെറുതെ ഒഴുകുന്ന മരത്തടികളെല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിലവിലുള്ളത് മികച്ച സര്‍ക്കാറാണെന്നും ആരും ആരെയും അക്രമിക്കുന്നില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപ്പെരുപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ഫട്‌നാവിസ് വിമര്‍ശത്തോട് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് 25 വര്‍ഷത്തെ ബിജെപി- ശിവസേന ബന്ധത്തിന് വിള്ളല്‍ വീണത്. തിരഞ്ഞെടുപ്പിന് ശേഷം വേണ്ടി ഇരുപാര്‍ട്ടികളും വീണ്ടും സഖ്യത്തിലാവുകയായിരുന്നു.

Latest