Connect with us

National

11 മാസമായി അവഹേളനം; കാരണമറിയണം- ജയന്തി നടരാജന്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ജയന്തി നടരാജന്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അയച്ച കത്തിന്റെ സംക്ഷിപ്ത രൂപം.
മാഡം, ഏറെ ഹൃദയവേദനയോടെയാണ് ഇത് എഴുതുന്നത്. കഴിഞ്ഞ 11 മാസമായി മാനസിക വേദന അനുഭവിക്കുകയും നിരന്തരം ആക്രമിക്കപ്പെടുകയും മാധ്യമങ്ങളില്‍ ആക്ഷേപിക്കുകയും പൊതുജീവിതത്തില്‍ ഏറെ പരിഹസിക്കപ്പെടുകയുമാണ്. 30 വര്‍ഷത്തിലേറെ പാര്‍ട്ടിക്ക് വേണ്ടിയുള്ള എന്റെ വിനീതവും വിശ്വസ്തവും സമര്‍പ്പിതവുമായ സേവനം തകര്‍ക്കപ്പെട്ട് ചുറ്റം ഛിന്നഭിന്നമായിരിക്കുന്നു. എന്റെ ഔദ്യോഗിക ജീവിതം നശിച്ചു. ഏറെ ദേശഭക്തിയോടെയും വ്യത്യസ്തമായും രാജ്യത്തെയും പാര്‍ട്ടിയെയും സേവിച്ച കുടുംബ മഹിമ പോലും തകര്‍ക്കപ്പെടുമോയെന്ന ഭയത്തിലാണ്. താങ്കള്‍ അറിയുന്നത് പോലെ നാലാം തലമുറ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഞാന്‍.
എനിക്ക് മുമ്പുള്ള മൂന്ന് തലമുറയും സ്വാതന്ത്ര്യസമരത്തിലും പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിലും സജീവമായിരുന്നു. 1984 മുതലാണ് ഞാന്‍ കോണ്‍ഗ്രസലില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാല് പ്രാവശ്യം എം പിയും മുന്‍ കേന്ദ്ര സഹമന്ത്രിയുമായിരുന്നു. പൊതുജീവിതത്തില്‍ അന്നൊന്നും അഭിമാനത്തിന് യാതൊരു ക്ഷതവും ഉണ്ടായിട്ടില്ല. 30 വര്‍ഷത്തിന് ശേഷം എന്റേതല്ലാത്ത കുറ്റത്തിന് ക്രൂശിക്കപ്പെടുകയാണ്. പാര്‍ട്ടി ഇങ്ങനെ പെരുമാറാന്‍ തക്കവണ്ണം എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ല. 2013 ഡിസംബര്‍ 20നാണ് ആ ദുരന്തം ഉണ്ടായത്. അന്ന് മുതല്‍ ഇന്ന് വരെ മന്ത്രിസഭയില്‍ നിന്ന് പുറത്താകാനുള്ള കാരണമെന്ന് നിങ്ങള്‍ ചോദിച്ചിട്ടില്ല. വിശദീകരണത്തിനുള്ള അവസരവും തന്നിട്ടില്ല. എന്റെ സംഭാവനകള്‍ മഹത്തരമാണെന്ന് കാണിച്ച് അന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കത്ത് നല്‍കിയിരുന്നു. പ്രധാനമന്ത്രിയോ സര്‍ക്കാറിലെ എന്റേ സേവനമോ അല്ല പുറത്തേക്കുള്ള വഴി കാട്ടിയതെന്ന് വ്യക്തം. പരിസ്ഥിതി, വനം സഹമന്ത്രിയായിരിക്കെ ഒരു ദിവസം പ്രധാനമന്ത്രി വിളിപ്പിക്കുകയും, പാര്‍ട്ടിക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് രാജി ആവശ്യപ്പെടുകയുമായിരുന്നു. നിഷ്‌കളങ്കതയോടെ ആ തീരുമാനം ശിരസാവഹിക്കുകയും രാജി സമര്‍പ്പിക്കുകയും ചെയ്തു. അന്നു തന്നെ ഫിക്കി സമ്മേളനത്തെ അഭിസംബോധന ചെയ്ത്, പരിസ്ഥിതി അനുമതിക്കുള്ള കാലതാമസം കാരണം ഒരുപാട് പദ്ധതികള്‍ മുടങ്ങിയെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചെന്നും ഇനിമുതല്‍ ഇത്തരം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പ്രസംഗവും എന്റെ രാജിയും തമ്മില്‍ ബന്ധപ്പെടുത്തിയാണ് പിന്നെ വാര്‍ത്തകള്‍ വന്നത്. ആ സമയത്തെ സാമ്പത്തിക തളര്‍ച്ചയുടെ പാപഭാരം എന്റെ തലക്കിട്ട് വിശകലനങ്ങള്‍ പോലുമുണ്ടായി. തുടര്‍ന്ന് രാഹുലിനെ കാണാന്‍ ശ്രമിച്ചെങ്കിലും ഇന്നു വരെ നടന്നില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആദ്യയാഴ്ച, താങ്കളെ കാണാന്‍ അവസരം കിട്ടുകയും വിഷയങ്ങള്‍ ധരിപ്പിക്കുകയും ചെയ്തപ്പോള്‍ മാധ്യമങ്ങളെ കാണരുതെന്നാണ് താങ്കള്‍ ഉപദേശിച്ചത്. ഇന്നു വരെ ആ വാക്ക് മാനിച്ചു. ജനുവരി അവസാനം കോണ്‍ഗ്രസ് മീഡിയ സെല്ലിന്റെ തലവനായ അജയ് മാക്കന്‍ ഫോണ്‍ ചെയ്ത് പറഞ്ഞു; കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ നിന്ന് പേര് വെട്ടിയിരിക്കുന്നുവെന്ന്. പാര്‍ട്ടിയുടെ ഉന്നതങ്ങളിലെ തീരുമാനമാണെന്നായിരുന്നു ന്യായം.
മാഡം, ഞാന്‍ ചെയ്ത തെറ്റുകളെ കുറിച്ച് അറിയാന്‍ താത്പര്യമുണ്ട്. 11 മാസമായി അപമാനവും നിന്ദയും സഹിക്കുന്നു. അതിന്റെ കാരണമറിയണമെന്നുണ്ട്.

---- facebook comment plugin here -----

Latest