Connect with us

Kollam

പുത്തനുണര്‍വും പോരാട്ട വീര്യവും പകര്‍ന്ന് യൂത്ത് പരേഡ്‌

Published

|

Last Updated

കൊല്ലം: പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വും പോരാട്ട വീര്യവും പകര്‍ന്ന് നല്‍കി ദേശിംഗനാടിന്റെ മണ്ണില്‍ എസ് വൈ എസ് യൂത്ത് പരേഡ്. നഗരത്തിന്റെ ഹൃദയഭൂമികയിലൂടെ സംഘടനാ ചിട്ടയില്‍ അടിവെച്ചടിവെച്ച് നടന്നുനീങ്ങിയ ആയിരകണക്കിന് സന്നദ്ധസേവാ പ്രവര്‍ത്തകര്‍ ( സ്വഫ്‌വാ അംഗങ്ങള്‍ ) ധര്‍മവിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ കരുത്തും സംഘ ശക്തിയും വിളിച്ചറിയിച്ചു. ഊതിക്കാച്ചിയ ധാര്‍മികതയുടെ കരുത്തില്‍ ഉറച്ച ചുവടുകളുമായി എസ് വൈ എസ് സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ പ്രത്യേക യൂനിഫോമില്‍ ധര്‍മപതാകയുമേന്തി ഒരേ മനസ്സോടെ അണിനിരന്ന യൂത്ത്പരേഡ് ചരിത്രനഗരിക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. ഗതാഗതത്തിന് തടസ്സമുണ്ടാക്കാതെ ദേശീപാതയുടെ ഓരംചേര്‍ന്ന് കടന്ന് പോയ പരേഡിന് സാക്ഷികളാകാന്‍ ജാതി, മതഭേദമന്യേ ആയിരങ്ങളാണ് റോഡിന്റെ വശങ്ങളില്‍ തടിച്ച്കൂടിയത്.

ആറു പതിറ്റാണ്ട് കാലമായി കേരളീയ മുസ്‌ലിം യുവത്വത്തിന് ദിശാബോധം നല്‍കി നേര്‍വഴിക്ക് നടത്തിയ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് കൊല്ലത്ത് ഇന്നലെ യൂത്ത് പരേഡ് നടന്നത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5000 സന്നദ്ധ സേവാപ്രവര്‍ത്തകരാണ് പരേഡില്‍ അണിനിരന്നത്.
ഭീകരതക്കും തീവ്രവാദത്തിനും വര്‍ധിച്ചുവരുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ജാഗ്രതാ സന്ദേശങ്ങളുയര്‍ത്തിയാണ് സ്വഫ്‌വ അംഗങ്ങള്‍ മാര്‍ച്ച് ചെയ്തത്. വൈകീട്ട് നാലിന് കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കില്‍ നിന്നും ആരംഭിച്ച് ദേശീയപാതയിലൂടെ പീരങ്കി മൈതാനിയില്‍ സമാപിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ ഫൈസി അധ്യക്ഷത വഹിച്ചു. സ്വഫ്‌വ സ്റ്റേറ്റ് ചീഫ് ഡോ. പി എ മുഹമ്മദ്കുഞ്ഞ് സഖാഫി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വി അബ്ദുല്‍ജലീല്‍ സഖാഫി, മുഹമ്മദ് പറവൂര്‍, എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, അന്‍സര്‍ നഈമി സംസാരിച്ചു.
സ്വഫ്‌വ ഡെപ്യൂട്ടി ചീഫ് വി അബ്ദുല്‍ ജലീല്‍ സഖാഫി, ജില്ലാ ചീഫുമാരായ സിറാജുദ്ദീന്‍ സഖാഫി, അലി കുന്നപ്പള്ളി, പി എസ് മുഹമ്മദ് ഹാഷിം സഖാഫി, അന്‍വര്‍ ഖുദുസി, കെ പി മുഹമ്മദ് ഷഫീഖ് മുസ്‌ലിയാര്‍, നിസാമുദ്ദീന്‍ സഖാഫി, ഷംനാദ് വൈക്കം പരേഡിന് നേതൃത്വം നല്‍കി. സോണ്‍ ചീഫുമാരുടെ നേതൃത്വത്തില്‍ ജില്ലകളുടെ ബാനറില്‍ വേര്‍തിരിഞ്ഞാണ് അംഗങ്ങള്‍ പരേഡില്‍ അണിനിരന്നത്.
വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പതിനായിരം പേര്‍ അണിനിരക്കുന്ന ഉത്തരമേഖലാ യൂത്ത് പരേഡ് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പാലക്കാട് നടക്കും. “സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം” എന്ന പ്രമേയത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ മലപ്പുറം കോട്ടക്കല്‍ താജുല്‍ഉലമ നഗറിലാണ് എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

 

---- facebook comment plugin here -----

Latest