Connect with us

Malappuram

എക്‌സ്‌റെക്ക് മുമ്പ് പ്രതി സമ്മതിച്ചു; മലദ്വാരത്തിലൊളിപ്പിച്ച് കടത്തിയ സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ ഇന്നലേയും മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ താഴത്തിര കണ്ടി ടി കെ അബ്ദുര്‍റഹീമാ(38)ണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്. 816 ഗ്രാം തൂക്കം വരുന്ന ഏഴ് സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇയാള്‍ കടത്തിയത്. 25 ലക്ഷം രൂപ വിലവരുന്നതാണ് കടത്തിയ സ്വര്‍ണം. ഇന്നലെ കാലത്ത് ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്നാണ് ഇയാള്‍ എത്തിയിരുന്നത് .
ദുബൈയിലുള്ള കൊണ്ടോട്ടി സ്വദേശി ഹാരിസിന് വേണ്ടിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. കരിപ്പൂരില്‍ എത്തിയാല്‍ ഇയാളെ കൊണ്ടുപോകാന്‍ ഹാരിസിന്റെ ഒരു സംഘം ആളുകളും കാത്തിരുന്നു. റഹീമിനെ തിരിച്ചറിയാന്‍ വേണ്ടി ഇയാളുടെ ഫോട്ടോയും ഹാരിസ് സംഘാംഗങ്ങള്‍ക്ക് വാട്ട് സ് അപ്പ് മുഖേന അയച്ചു കൊടുത്തിരുന്നു. എന്നാല്‍ പദ്ധതി പാളി.
കസ്റ്റംസ് പരിശോധനക്കായി മെറ്റല്‍ ഡിറ്റക്റ്റര്‍ വാതിലിലൂടെ വന്ന റഹീമിനെ കണ്ടതും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. കൂടുതല്‍ ചൊദ്യം ചെയ്തിട്ടും ഇയാള്‍ സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഇയാളെ എക്‌സ്‌റേ പരിശോധനക്കായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനക്ക് തൊട്ടു മുമ്പായി താന്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. ഇതോടെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്ന് സ്വര്‍ണം പുറത്തെടുപ്പിക്കുകയായിരുന്നു.
ഒരു ബിസ്‌കറ്റ് കടത്തിയാല്‍ 5,000 രൂപ തോതില്‍ 35,000 രൂപ യാണ് തനിക്ക് വാഗ്ദാനം ചെയ്തിരുന്നതെന്ന് ഇയാള്‍ പറഞ്ഞു. കേസ് മലപ്പുറം, കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.
അസിസ്റ്റന്റ് കമ്മീഷണര്‍ ശ്യാം സുന്ദര്‍, സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, അരുള്‍ പ്രസാദ് , ടി ജി രജിത്, യു ബാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്. വ്യാഴാഴ്ച ഇതേ രീതിയില്‍ 34 ലക്ഷം രൂപക്കുള്ള ഒന്നേകാല്‍ കിലോ സ്വര്‍ണം കടത്തിയ പാലക്കാട് കാഞ്ഞിരപ്പുഴ വക്കാട്ട് മാലിയില്‍ സജി സെബാസ്റ്റ്യന്‍(40) അറസ്റ്റിലായിരുന്നു.