Connect with us

Eranakulam

പൊതുപ്രവര്‍ത്തകരെ മാവോയിസ്റ്റുകളായി മുദ്രകുത്താന്‍ ശ്രമമെന്ന്‌

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ നടന്ന ആക്രമണങ്ങളുടെ പേരില്‍ പോരാട്ടം പ്രവര്‍ത്തകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകളായി മുദ്ര കുത്താന്‍ ശ്രമിക്കുകയാണെന്ന് പോരാട്ടം ചെയര്‍മാന്‍ എം എന്‍ രാവുണ്ണി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കളമശ്ശേരിയിലെ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫീസ് മാവോയിസ്റ്റ് വിഭാഗത്തില്‍പ്പെട്ട സംഘം അക്രമിച്ച് തകര്‍ത്ത സംഭവത്തിന്റെ പേരില്‍ കൊച്ചിയിലെ സാമൂഹിക പ്രവര്‍ത്തകരുടെയും പോരാട്ടം പ്രവര്‍ത്തകരുടെയും ഞാറ്റുവേല പ്രവര്‍ത്തകരുടെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി.
സെര്‍ച്ച് വാറണ്ടില്ലാതെയാണ് റെയ്ഡ് നടത്തിയത്. എടുത്തുകൊണ്ടുപോയ സാധനങ്ങളുടെ പട്ടിക നിയമപ്രകാരം വീട്ടുകാര്‍ക്ക് കൈമാറിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിയുടെ തൃപ്പൂണിത്തുറയിലെ ഫഌറ്റ്, പോരാട്ടം ജനറല്‍ കണ്‍വിനര്‍ പി ജെ മാനുവലിന്റെ തമ്മനത്തെ താമസസ്ഥലം, സ്ത്രീകൂട്ടായ്മ പ്രവര്‍ത്തക ജോളി ചിറയത്തിന്റെ വീട് എന്നിവിടങ്ങില്‍ നിയമപരമല്ലാത്ത റെയ്ഡുകളാണ് നടത്തിയതെന്ന് രാവുണ്ണി ആരോപിച്ചു.
നാഷനല്‍ ഹൈവേ അതോറിറ്റി ഓഫീസ് തകര്‍ത്തതിന്റെ കാരണവും ഉത്തരവാദിത്വവും സ്വയം പ്രഖ്യാപിക്കുന്ന രേഖകള്‍ അക്രമികള്‍ അവശേഷിപ്പിച്ചിട്ടുണ്ട്. എന്നിട്ടും അന്വേഷണവും നിയമനടപടികളും ആദിശയില്‍ നടക്കാതെ സാമൂഹിക പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുക്കുന്ന നടപടി അപഹാസ്യമാണെന്നും അവര്‍ പറഞ്ഞു. ജെയ്‌സണ്‍ സി കൂപ്പറിനെ അറസ്റ്റു ചെയ്തതിലും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്.
ഇത്തരം ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മനുഷ്യാവകാശ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വായ മൂടികെട്ടാനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്നുംആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പോരാട്ടം ജനറല്‍ കണ്‍വീനര്‍ അഡ്വ. പി ജെ മാനുവല്‍, വി സി ജെന്നി, മനുഷ്യാവകാശ പ്രവര്‍ത്തക ജോളി ചിറയത്ത്, ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തക സംഘം സെക്രട്ടറി സ്വപ്‌നേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

 

Latest