Connect with us

International

മലേഷ്യന്‍ വിമാനം: തിരച്ചില്‍ മൂന്നിലൊന്ന് പൂര്‍ത്തിയായി

Published

|

Last Updated

ക്വലാലംപൂര്‍: 2014 മാര്‍ച്ച് എട്ടിന് അപ്രത്യക്ഷമായ എം എച്ച് 370 വിമാനത്തിനായുള്ള സമുദ്രാന്തര തിരച്ചില്‍ മൂന്നിലൊന്ന് പൂര്‍ത്തീകരിച്ചതായി മലേഷ്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ തന്നെയാണ് വിമാനം ഉണ്ടാകാന്‍ സാധ്യതയെന്ന് മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ വക്താവ് മിയോര്‍ നൂര്‍ ബദ്‌രിഷാ മുഹമ്മദ് അറിയിച്ചു. ഇതിനകം 31.04 ശതമാനം പ്രദേശത്താണ് തിരച്ചില്‍ പൂര്‍ത്തീകരിച്ചത്.
സമുദ്രാന്തര്‍ ഭാഗത്ത് 60,000 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ കൂടി ഈ വര്‍ഷം മെയ് മാസത്തോടെ തിരച്ചില്‍ പൂര്‍ത്തീകരിക്കും. ഈ പ്രദേശത്തുനിന്ന് വിമാനം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷം തിരച്ചില്‍ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മിയോര്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. എങ്കിലും ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ വിമാനത്തിനായുള്ള തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനം ദുരന്തത്തില്‍പ്പെട്ടതു തന്നെയാണെന്നും വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസം മലേഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നജീബ് റസാഖാണ് ഇക്കാര്യം അറിയിച്ചത്. ചൈനയും മലേഷ്യയും ഓസ്‌ട്രേലിയയും വിമാനത്തിനായുള്ള തിരച്ചിലില്‍ പ്രതിജ്ഞാബദ്ധമാണ്. തികഞ്ഞ പ്രതീക്ഷയിലാണ് തങ്ങളെന്നും നജീബ് റസാഖ് പറഞ്ഞിരുന്നു.
ദുരന്തത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മാര്‍ച്ച് ഏഴിന് തിരച്ചില്‍ സംബന്ധിച്ച ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള നടപടിക്രമങ്ങള്‍ സിവില്‍ വ്യോമയാന വിഭാഗം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് എട്ടിന് ക്വലാലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ 239 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.

Latest