Connect with us

Editorial

നാദാപുരത്തിന്റെ മുറിവുണക്കണം

Published

|

Last Updated

1987ലെ കലാപത്തെ അനുസ്മരിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാദാപുരത്ത് നടന്നത്. സി പി എമ്മും മുസ്‌ലിംലീഗും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു 1987 സെപ്തംബറില്‍ ആഴ്ചകളോളം നീണ്ടുനിന്ന നാദാപുരത്തെ അക്രമങ്ങള്‍ക്കുപിന്നില്‍. നമ്പോടന്‍കണ്ടി ഹമീദ് എന്ന യുവാവ് വധിക്കപ്പെട്ട കേസില്‍ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ കുറ്റിയാടി പോലീസ് സ്‌റ്റേഷനിലേക്ക് നടന്ന മാര്‍ച്ചിനിടെ സി പി എം നേതാവും അന്നത്തെ എം എല്‍ എയുമായിരുന്ന എ കണാരന്റെ വാഹനം കടന്നുവന്നതോടെയാണ് സംഘര്‍ഷത്തിനു തുടക്കം. വാഹനം കണാരന്റെതാണെന്നറിഞ്ഞ പ്രകടനക്കാര്‍ അതിന്റെ ചില്ല് തച്ചുടച്ചു. ഗ്ലാസിന്റെ ചീള് ദേഹത്തുകൊണ്ട് കണാരന് പരിക്കേറ്റു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ഒമ്പത് ജീവനുകളാണ് നഷ്ടപ്പെട്ടത്. രാഷ്ട്രീയ പകപോക്കലിനപ്പുറം പ്രശ്‌നത്തെ വര്‍ഗീയവത്കരിച്ചതാണ് അക്രമം ആളിപ്പടരാന്‍ ഇടയാക്കിയത്. സി പി എം പ്രവര്‍ത്തകര്‍ അന്ന് രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ മുസ്‌ലിംകളെ ആക്രമിക്കുകയും അവരുടെ വീടുകള്‍ തകര്‍ക്കുകയും സ്വത്ത് കൊള്ളയടിക്കുകയുമായിരുന്നു.
ഈ മാസം 22ന് വ്യാഴാഴ്ച രാത്രി നാദാപുരം തൂണേരിയില്‍ സി പി എം പ്രവര്‍ത്തകന്‍ ഷിബിന്‍ വെട്ടേറ്റ് മരിച്ചപ്പോഴും അതാണ് സംഭവിച്ചത്. അക്രമത്തിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് ആരോപിക്കുന്ന സി പി എം, ഇതിന് പ്രതികാരം ചെയ്തത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ മാത്രമല്ല, പ്രദേശത്തെ മൊത്തം മുസ്‌ലിംകള്‍ക്കു നേരെയായിരുന്നു. രാഷ്ട്രീയ കക്ഷിത്വം നോക്കാതെയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുസ്‌ലിം വീടുകള്‍ അക്രമിച്ചതും കൊള്ളയടിച്ചതും. ഷിബിന്റെ കൊലയുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവാസികളുടെ വീടുകളാണ് തകര്‍ക്കപ്പെട്ടവയില്‍ നല്ലൊരു ഭാഗം. 40 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതാണ് കണക്ക്. മുന്‍ കലാപങ്ങളിലെ പോലെ ഇത്തവണയും അക്രമം തടയുന്നതില്‍ പോലീസ് കടുത്ത അനാസ്ഥ കാണിച്ചുവെന്നാണ് ആരോപണം. ഇരകള്‍ മുസ്‌ലിംകളാകുമ്പോള്‍ നിയമപാലകരുടെ നിഷ്‌ക്രിയത്വം പതിവുമാണ്. സംസ്ഥാനത്ത് ഭരണം നിയന്ത്രിക്കുന്നത് മുസ്‌ലിംലീഗിന് നിര്‍ണായക പങ്കാളിത്തമുള്ള യു ഡി എഫ് സര്‍ക്കാര്‍ ആയിട്ടും മുസ്‌ലിം കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടു.
ദശാബ്ദങ്ങളായി നാദാപുരം മേഖല സംഘര്‍ഷഭരിത ഭൂമികയുടെ പട്ടികയിലാണ്. ബോംബ് നിര്‍മാണവും ബോംബേറും അവിടെ പതിവു സംഭവമായിട്ട് കാലമേറെയായി. ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചു ജീവന്‍ നഷ്ടപ്പെടുകയും മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. 2011 ഫെബ്രുവരി 27ന് നരിക്കാട്ടേരിയിലെ ആളൊഴിഞ്ഞ കുന്നിന്‍മുകളില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത് അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരായിരുന്നു. 2010 ഡിസംബറില്‍ മറ്റൊരു കുന്നിന്‍മുകളില്‍ അബദ്ധത്തില്‍ ബോംബ് പൊട്ടിത്തെറിച്ചു പരിക്കേറ്റത് ചില സി പി എം പ്രവര്‍ത്തകര്‍ക്കാണ്. നാടിന്റെ പുരോഗതിക്കും രാഷ്ട്ര സേവനത്തിനും സമര്‍പ്പിക്കേണ്ട യുവത്വത്തെ പരസ്പരം ചോരചിന്തിക്കുന്നതിന് പരിശീലിപ്പിക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. പരസ്യമായി സമാധാനവും ഐക്യവും പ്രസംഗിക്കുന്നവര്‍ ഇരുട്ടിന്റെ മറവില്‍ അണികളുടെ കൈയിലേക്ക് ബോംബും ആയുധങ്ങളും എറിഞ്ഞു കൊടുക്കുകയാണ്. അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ കുഴപ്പക്കാര്‍ തങ്ങളുടെ കക്ഷിക്കാരല്ലെന്നോ, സംഭവം തങ്ങളുടെ അറിവോടെയല്ലെന്നോ പറഞ്ഞ് നേതൃത്വം കൈകഴുകുകയും ചെയ്യും.
നാദാപുരത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഒരു പ്രത്യേകതയുണ്ട്. വര്‍ഗരാഷ്ട്രീയവും വര്‍ഗീയ രാഷ്ട്രീയവും തമ്മിലുളള വേര്‍തിരിവെന്തെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കറിയില്ല. അവിടെ മുസ്‌ലിംലീഗെന്നാല്‍ അവര്‍ക്ക് മാപ്പിളമാരുടെ പാര്‍ട്ടിയാണ്. ലീഗിന് പുറത്തുമുണ്ട് ധാരാളം മുസ്‌ലിംകളെന്ന വസ്തുത അവര്‍ക്കറിയാതെയാണോ എന്തോ.! സാമുദായികമായ സമാന്തര രേഖകളിലൂടെയാണ് കാലങ്ങളായി ഇരുപാര്‍ട്ടികളും അവിടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. തലമുറകളായി കൈമാറി വരുന്ന വംശീയമായ ഈ സങ്കുചിത ചിന്തയാണ് മേഖലയില്‍ ഉടലെടുക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പൊടുന്നനെ വര്‍ഗീയ കലാപമായി പരിണമിക്കുന്നതിന്റെ പ്രധാന കാരണം. ഈ വംശീയ ചേരിതിരിവ് പരിഹരിക്കാതെ, ബഹുകക്ഷി യോഗങ്ങള്‍ വിളിച്ചുകൂട്ടിയത് കൊണ്ടോ, സമാധാന കമ്മിറ്റി രൂപവത്കരണം കൊണ്ടോ പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷത്തിന് അറുതി വരുത്താനാകില്ല. നാദാപുരത്തിനാവശ്യം തെറ്റിദ്ധാരണകള്‍ നീക്കാനും രാഷ്ട്രീയത്തെയും മതത്തെയും വേര്‍തിരിച്ചറിയാനുമുള്ള വിവേകമാണ്. ഗുണ്ടായിസത്തിന്റയും നെറികേടിന്റെയും ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാതെ അണികളെ നിയന്ത്രിക്കാനുള്ള ആര്‍ജവം നേതൃത്വം കാണിക്കുകയും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ അക്രമികളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരികയും ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും വേണം.