Connect with us

Articles

ഹിന്ദി വിരുദ്ധ സമരത്തിന് അര നൂറ്റാണ്ട്

Published

|

Last Updated

തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച ഹിന്ദി വിരുദ്ധ സമരത്തിന് അര നൂറ്റാണ്ട് പൂര്‍ത്തിയായി. 1965 ജനുവരി 25നായിരുന്നു സമരത്തിന്റെ പരിസമാപ്തി. രണ്ട് മാസത്തോളംനീണ്ടുനിന്ന സമരത്തില്‍ അഞ്ഞൂറോളം പേര്‍ മരിച്ചു. ഔദ്യോഗിക കണക്ക് നൂറ്റമ്പത് പേര്‍ മരിച്ചു എന്നാണ്. അഞ്ച് യുവാക്കള്‍ സ്വയം തീ കൊളുത്തി മരിച്ചു. ഒരു കോടിയിലേറെ നാശനഷ്ടമാണ് അന്ന് കണക്കാക്കിയത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു. കോളജുകളുള്‍െപ്പടെ വിദ്യാലയങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസിലെ തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാര്‍ രാജി വെച്ച് ഹിന്ദി വിരുദ്ധ സമരത്തില്‍ പങ്കെടുത്തു.
സര്‍വ മേഖലയും ഹിന്ദിയായിരിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ട് മധുര രാജാജി പൂങ്കാവില്‍ നിന്നാരംഭിച്ച റാലിയില്‍ പങ്കെടുത്ത മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റതാണ് സമരാഗ്നി സംസ്ഥാനമൊട്ടുക്കും വ്യാപിക്കാന്‍ കാരണമായത്. ആക്രമണ വിവരം അറിഞ്ഞതോടെ സംസ്ഥാനം കത്തിയെരിയാന്‍ തുടങ്ങി. ചെന്നൈ, ചിദംബരം, കോയമ്പത്തൂര്‍, തിരുനെല്‍വേലി, സേലം, കന്യാകുമാരി ജില്ലകളില്‍ വലിയ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പലയിടത്തും പട്ടാളവും സമരാനുകൂലികളും ഏറ്റുമുട്ടി. അണ്ണാമലൈ സര്‍വകലാശാലയിലെ രാജേന്ദ്രന്‍ എന്ന വിദ്യാര്‍ഥി പട്ടാളക്കാരന്റെ തോക്കിനിരയായത് പ്രശ്‌നം വഷളാക്കി. ഹിന്ദിയെക്കാള്‍ തങ്ങള്‍ക്ക് തമിഴ് ഭാഷ വലുതാണെന്ന് പറഞ്ഞുകൊണ്ടാണ് തമിഴര്‍ പ്രക്ഷോഭത്തിനിറങ്ങിയത്.
സ്വാതന്ത്ര്യാനന്തരം ദേശീയ ഭാഷയെ സംബന്ധിച്ച പല ചര്‍ച്ചകളും നടന്നിരുന്നു. ഇതേ തുടര്‍ന്ന് 15 വര്‍ഷത്തേക്ക് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുമെന്നും അതിന് ശേഷം ഹിന്ദി ഉപയോഗപ്പെടുത്താമെന്നുമായിരുന്നു തീരുമാനം.1950 ജനുവരി 26ന് പുതിയ നിയമം നിലവില്‍ വന്നു. 1965ല്‍ ഹിന്ദി പ്രാബല്യത്തില്‍ വരുന്നതോടെ തങ്ങളുടെ തമിഴ് ഭാഷക്കാരെ രണ്ടാം തരക്കാരായി കാണുമെന്ന തോന്നലാണ് പ്രക്ഷോഭത്തിന് ഹേതുവായത്. തതിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ഭക്തവാചലം ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകള്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കാന്‍ നിയമം പാസാക്കി. അതേസമയം, ഐ എ എസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് ഹിന്ദി അവിഭാജ്യമാണെന്നും ഭരണതലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇംഗ്ലീഷിന് പകരം ഹിന്ദിയാക്കുമെന്നും പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയും കേന്ദ്രമന്ത്രിമാരും പ്രഖ്യാപിച്ചതോടെ പ്രക്ഷോഭം ശക്തമായി. 1965 ജനുവരിയില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമായി. അണ്ണാ ദുരെയുടെ നിര്‍ദേശമനുസരിച്ച് സാധാരണക്കാരും വിദ്യാര്‍ഥികളും രംഗത്തിറങ്ങിയത് ഭരണകൂടത്തെ ഞെട്ടിച്ചു.
ചര്‍ച്ചകള്‍ക്ക് സന്നദ്ധമാകാതെ സമരത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനിച്ചത്. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുണ്ടായിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. ഈ നിലപാടെടുത്തതിന്റെ തിക്തഫലമായാണ് കോണ്‍ഗ്രസ് സംസ്ഥാനത്തു നിന്ന് പുറന്തള്ളപ്പെട്ടത്.