Connect with us

Malappuram

ഓട്ടോ യാത്രക്കും ഇനി ബില്ല്; നൂതന സങ്കേതികവുമായി മുജീബുര്‍റഹ്മാന്‍

Published

|

Last Updated

മഞ്ചേരി/വണ്ടൂര്‍: ഓട്ടോ യാത്ര കഴിഞ്ഞിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഡ്രൈവര്‍ ബില്ല് നല്‍കാറുണ്ടോ? ബില്ല് വേണമെന്ന് വാശിപിടിച്ചാലും ഓട്ടോറിക്ഷയിലെയും മറ്റു ടാക്‌സി വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ കൈ മലര്‍ത്തും. എന്നാല്‍ ഈ സംവിധാനത്തിനൊരു മാറ്റം കൊണ്ടുവരികയാണ് മലപ്പുറം മഞ്ചേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ മുജീബ് റഹ്്മാന്‍. തിരുവാലി പത്തിരിയാലിലുള്ള ഇദ്ദേഹം സജീവ വിവരാവകാശ പ്രവര്‍ത്തകനാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഓട്ടോറിക്ഷകളില്‍ കൊണ്ടുവരുന്നത്. ഇനി മുതല്‍ ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ യാത്ര ചെയ്താല്‍ നല്‍കേണ്ട പണത്തിന് ബില്ലും നല്‍കും. സഞ്ചരിച്ച ദൂരം, ചാര്‍ജ്, വാഹനത്തിന്റെ നമ്പര്‍ എന്നിവയും ബില്ലില്‍ രേഖപ്പെടുത്തും. ഓട്ടോയില്‍ വല്ലതും മറന്നാലും വാഹനം കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടതില്ല.
ബില്ലില്‍ കൊടുത്ത വാഹനത്തിന്റെ നമ്പര്‍ നോക്കി ഓട്ടോറിക്ഷക്കാരനെ കണ്ടെത്താം. ഫെയര്‍മീറ്റര്‍ ഘടിപ്പിച്ച് സര്‍വീസ് നടത്തുമ്പോള്‍ വണ്‍വെ യാത്രകള്‍ക്ക് മീറ്ററില്‍ കാണിച്ച തുകയോടൊപ്പം 50 ശതമാനം അധികവും വാങ്ങിയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ചാര്‍ജ് ഈടാക്കാറുള്ളത്. ഇതാണ് നിയമമെങ്കിലും ഫെയര്‍മീറ്ററില്‍ കാണിച്ച തുകയേക്കാള്‍ പണം ചോദിക്കുമ്പോള്‍ ഓട്ടോറിക്ഷ തൊഴിലാളികളും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കം പതിവാണ്.ഈ പ്രശ്‌നം മറികടക്കാന്‍ ഇതുവഴി സാധിക്കുമെന്ന് മുജീബ് പറയുന്നു. ഓട്ടോറിക്ഷ ചാര്‍ജ് ബില്‍ എന്ന ഈ സംവിധാനം നിര്‍മാതാക്കളോട് പ്രത്യേകം ആവശ്യപ്പെട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. 4000 രൂപയാണ് ഇതിന് ചിലവാക്കിയത്. യാത്ര കഴിഞ്ഞയുടന്‍ രണ്ട് പകര്‍പ്പ് ബില്ല് ഈ മെഷീന്‍ പ്രിന്റ് ചെയ്യും. ഒരു ബില്ല് ഉപഭോക്താവിനും മറ്റൊന്ന് ഡ്രൈവറും സൂക്ഷിക്കും. ഓഫീസില്‍ നല്‍കേണ്ടവര്‍ക്ക് ബില്ലും സമര്‍പ്പിക്കാം. നിയമ നടപടിക്കൊരുങ്ങണമെങ്കിലും തെളിവായി ബില്ല് കയ്യിലുണ്ടാകും. യാത്രക്കാരന്റെ അവകാശങ്ങളോട് നീതിപുലര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മുജീബ്‌റഹ്്മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വാഹനത്തില്‍ സഞ്ചരിച്ച ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസര്‍മാരും ഈ പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കണമെന്ന അഭിപ്രായമാണ് മുന്നോട്ട് വെച്ചത്. നേരത്തെ സംസ്ഥാന അളവ് തൂക്ക വകുപ്പ് ഓട്ടോറിക്ഷ തൊഴിലാളികളില്‍ നിന്നും അനധികൃമായി ഫെയര്‍മീറ്റര്‍ കുടിശ്ശിക പിരിച്ചെടുത്തതായി വിവരാവകാശനിമയപ്രകാരം മൂജീബ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവരം നല്‍കാത്തതിനാല്‍ സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് ഇദ്ദേഹത്തിന്റെ അപ്പീല്‍ കാരണം പിഴ നല്‍കേണ്ടിയും വന്നിട്ടുണ്ട്. പത്തിരിയാല്‍ യൂനിറ്റ് എസ് വൈഎസ് പ്രവര്‍ത്തകന്‍ കൂടിയാണ് മുജീബുര്‍റഹ്മാന്‍.

 

Latest