Connect with us

Ongoing News

പുതിയ മെഡിക്കല്‍ കോളജുകളിലെ നിയമനങ്ങളില്‍ അഴിമതി: വി എസ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ നിയമനങ്ങളിലെ അഴിമതി ബാര്‍ കോഴയെ കവച്ചുവെക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഈ മെഡിക്കല്‍ കോളജുകളില്‍ നിയമനം നടത്തുന്നതിന്റെ ചുമതല പി എസ് സിക്ക് ആണോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനാണോ, അല്ല മറ്റ് വല്ല ഏജന്‍സികള്‍ക്കുമാണോ എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണം.
നിലവിലുള്ള മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഒരു മാനദണ്ഡവുമില്ലാതെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയാണ് പുതിയ മെഡിക്കല്‍ കോളജുകളില്‍ നിയമിക്കുന്നത്. ഇതിന് പിന്നില്‍ കൊടിയ അഴിമതിയാണ് നടക്കുന്നത്. ആരോഗ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലെ ഒരു ഉന്നതനാണ് ഈ അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒരു സൗകര്യവുമില്ലാത്ത പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുന്നതില്‍ അരങ്ങേറുന്ന കോടികളുടെ അഴിമതി ഇതിനു പുറമെയാണ്. സര്‍ക്കാറിന്റെ ഈ തലതിരിഞ്ഞ രീതി മൂലം നിലവിലുളള മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പോലും അവതാളത്തിലാകുകയാണ്. പുതിയ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ഒട്ടും സൗകര്യപ്രദമാകുന്നുമില്ല.
അരനൂറ്റാണ്ട് മുമ്പുളള രോഗി-ഡോക്ടര്‍ അനുപാതം അനുസരിച്ചുള്ള തസ്തികകളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇപ്പോഴുമുളളത്. എന്നാല്‍ അന്നത്തേതില്‍ നിന്ന് രോഗികളുടെ എണ്ണം പത്തിരട്ടിയിലേറെയായി വര്‍ധിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫിന്റെയും എണ്ണം വര്‍ധിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ഉളളത് തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി മെഡിക്കല്‍ കോളജുകളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 250 ലേറെ പി ജി സീറ്റുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതും സര്‍ക്കാറിന്റെ തലതിരിഞ്ഞ ഈ നയം മൂലമാണ്0 വി എസ് പറഞ്ഞു.

---- facebook comment plugin here -----

Latest