Connect with us

Gulf

മലയാളികള്‍ ഗള്‍ഫ് മോഹം ഉപേക്ഷിക്കുന്നു

Published

|

Last Updated

ദുബൈ: മലയാളികള്‍ ഗള്‍ഫ് മോഹം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് തൊഴില്‍, സാമ്പത്തിക രംഗങ്ങളില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ(ആര്‍ ജി ഐ ഡി എസ്) പഠനം വ്യക്തമാക്കി. അസംസ്‌കൃത എണ്ണയുടെ വിലയിടിവും ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍കരണ നടപടികളുമാണ് മലയാളികളുടെ ഗള്‍ഫ് മോഹത്തിന് തടസമാകുന്നത്.
ഇതിന് പുറമെ ഗള്‍ഫ് കുടിയേറ്റത്തില്‍ വന്നുകൊണ്ടിരിക്കുന്ന ആകര്‍ഷണക്കുറവും നിയമത്തിന്റെ നൂലാമാലകളും ഗള്‍ഫ് മേഖലകളില്‍ നിന്ന് മലയാളികളെ പിന്നോട്ടടിപ്പിക്കുന്നു. ഇത് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക-സാമൂഹിക ദുരന്തത്തിലേയ്ക്ക് നയിക്കുമെന്നും സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബി എ പ്രകാശിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ പിടിച്ചുകുലുക്കിയ 2008ലെ ആഗോള സാമ്പത്തികമാന്ദ്യം ഏറ്റവും ബാധിച്ചത് ഗള്‍ഫ് രാജ്യങ്ങളെയാണ്. ആ തകര്‍ച്ചയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പൂര്‍ണമായി മുക്തമായിട്ടില്ല. ഇതിനിടെയാണ് ഗള്‍ഫിന്റെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന അസംസ്‌കൃത എണ്ണയുടെ വിലയിടിവുമുണ്ടായത്. ഈ നില തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങും. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ക്രൂഡ് ഓയിലിന്റെ വില അന്തര്‍ദ്ദേശീയതലത്തില്‍ 115 ഡോളര്‍ ആയിരുന്നത് 60 ഡോളറായി ഇടിഞ്ഞു. സഊദി അറേബ്യയില്‍ ബാരലിന് 92 ഡോളറും യു.എ.ഇയില്‍ 90 ഡോളറും ഖത്തറില്‍ 58 ഡോളറും വില ലഭിച്ചാല്‍ മാത്രമേ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം ലാഭകരമാകുകയുള്ളു. ഇപ്പോള്‍ വന്‍നഷ്ടം സഹിച്ചാണ് ഈ രാജ്യങ്ങള്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്.
അതോടൊപ്പമാണ് ഈ രാജ്യങ്ങളിലെ തീവ്ര തൊഴില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ നടക്കുന്നത്. സഊദിയില്‍ താമസിയാതെ നിതാഖത്ത് മൂന്നാംഘട്ടം ആരംഭിക്കുന്നുണ്ട്. ഇതോടൊപ്പം ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളും ഇതിനുള്ള നടപടികള്‍ തുടങ്ങുന്നുണ്ട്. ഈ നടപടികള്‍ക്ക് ഫലമുണ്ടായാല്‍ ഗള്‍ഫ് കുടിയേറ്റ സാധ്യതകള്‍ വല്ലാതെ കുറയും. ഇതിന് പുറമെ കേരളത്തില്‍ നിര്‍മാണ, കാര്‍ഷിക, സര്‍വീസ് മേഖലകളില്‍ അനുഭവപ്പെടുന്ന തൊഴിലാളിക്ഷാമവും ഉയര്‍ന്ന വേതനനിരക്കും ഗള്‍ഫ് കുടിയേറ്റം അനാകര്‍ഷമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സി ഡി എസ് നടത്തിയ പഠന പ്രകാരം കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കുടിയേറിയവരുടെ എണ്ണം 2011ല്‍ 20.37 ലക്ഷമായിരുന്നത് 2014ല്‍ 20.33 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങിലേക്ക് കുടിയേറിയവരുടെ എണ്ണമാണ് കുറഞ്ഞത്.

Latest