Connect with us

Gulf

കാര്‍ രഹിത ദിനം: ഒരു ലക്ഷം നോള്‍ കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്യും

Published

|

Last Updated

ദുബൈ: കാര്‍ രഹിത ദിനമായ ഫെബ്രുവരി നാലിന് മെട്രോ യാത്രക്കാര്‍ക്കായി ഒരു ലക്ഷം നോള്‍ കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ദുബൈ നഗരസഭാധികൃതര്‍ വ്യക്തമാക്കി. ജോലിക്കായി കാര്‍ ഉപേക്ഷിച്ച് മെട്രോ സ്‌റ്റേഷനുകളില്‍ എത്തുന്നവര്‍ക്കാണ് വിവിധ തുകയുടെ ഗോള്‍ഡ്, സില്‍വര്‍ നോള്‍ കാര്‍ഡുകള്‍ അധികൃതര്‍ വിതരണം ചെയ്യുകയെന്ന് നഗരസഭയുടെ പരിസ്ഥിതി ആരോഗ്യ സുരക്ഷാ നിയന്ത്രണ വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ സലീം ബിന്‍ മെസ്മര്‍ വ്യക്തമാക്കി. പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താനും അന്തരീക്ഷ മലിനീകരണം കുറക്കാനും ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും കാര്‍ രഹിത ദിനം ആചരിക്കുന്നത്. ദുബൈയിലെ 200 സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങിയവയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
പ്രകൃതിയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയ പരിസ്ഥിതി ദിനത്തില്‍ ഇത്തരം ഒരു പരിപാടി നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ഏഴായിരത്തോളം കാറുകള്‍ ദുബൈയിലെ റോഡില്‍ നിന്നു മാറി നില്‍ക്കുമെന്നാണ് കരുതുന്നത്. എമിറേറ്റ്‌സ് ഇസ്‌ലാമിക് ബേങ്കാണ് നഗരസഭയുമായി സഹകരിച്ച് നോള്‍ കാര്‍ഡുകള്‍ സൗജന്യമായി നല്‍കുക. വിവിധ മെട്രോ സറ്റേഷനുകള്‍ കേന്ദ്രീകരിച്ച് നഗരസഭാ ഉദ്യോഗസ്ഥരാവും ഇവ യാത്രക്കാര്‍ക്ക് സമ്മാനിക്കുക. പതിവായി മെട്രോ മാര്‍ഗം ജോലിക്കെത്തുന്ന ദുബൈ നഗരസഭാ ജീവനക്കാര്‍ക്കും കാര്‍ രഹിത ദിനത്തില്‍ നോള്‍ കാര്‍ഡുകള്‍ സൗജന്യമായി നല്‍കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.