Connect with us

Gulf

ഹസ്സ ബിന്‍ സായിദ് മൈതാനത്തിന് സ്‌റ്റേഡിയം ഓഫ് ദ ഇയര്‍ നോമിനേഷന്‍

Published

|

Last Updated

അല്‍ ഐന്‍: 2014ലെ സ്‌റ്റേഡിയം ഓഫ് ദ ഇയര്‍ അവാര്‍ഡിനായി ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തെ നോമിനേറ്റ് ചെയ്തു. സ്‌റ്റേഡിയം ഡിബി ഡോട്ട് കോമെന്ന വെബ്‌സൈറ്റാണ് ലോകത്തിലെ ഏറ്റവും മികച്ച സ്‌റ്റേഡിയത്തെ കണ്ടെത്താനുള്ള പട്ടികയിലേക്ക് രാജ്യത്തെ അത്യാധുനിക സ്റ്റേഡിയമായ ഹസ്സയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ആഗോള തലത്തില്‍ അവാര്‍ഡിനായി 31 സ്‌റ്റേഡിയങ്ങളാണ് മത്സരിക്കുന്നതെന്ന് യു എ ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ഈ വാര്‍ത്ത പുറത്തുവിട്ടുകൊണ്ട് വ്യക്തമാക്കി. ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 2013 ഡിസംബറിലിരുന്നു നടന്നത്. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്(ഐ പി എല്‍) ടീമായ മാഞ്ചസ്റ്റര്‍ സിറ്റി അല്‍ ഐന്‍ ടീമുമായി സ്റ്റേഡിയത്തില്‍ സൗഹൃദ മത്സരം കളിച്ചിരുന്നു.
രാജ്യത്തെ ഫുട്‌ബോള്‍ താരങ്ങളുടെ കഴിവ് പരിപോഷിപ്പിക്കാനായാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. അല്‍ ഐന്‍ ടീമിനെ പരിപോഷിപ്പിക്കുന്നതില്‍ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം നിര്‍ണായകമാവുമെന്നും രാജ്യത്തിന്റെയും തങ്ങളുടെയും അഭിമാനമാണ് ഈ സ്റ്റേഡിയമെന്നും അല്‍ ഐന്‍ എഫ് സി ബോര്‍ഡ് ഓഫ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് അഭിപ്രായപ്പെട്ടിരുന്നു. ലോകോത്തര നിലവാരത്തിലാണ് സ്്‌റ്റേഡിയം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അത്യാധുനിക മാതൃകയും ന്യൂതനമായ സാങ്കേതികവിദ്യയുമെല്ലാം രാജ്യത്തിന്റെ ഫുട്‌ബോളിനോടുള്ള അമിതമായ താല്‍പര്യമാണ് പ്രകടമാക്കുന്നത്. ഫുട്‌ബോളിന്റെ ഭാവിയിലേക്കുള്ള വീക്ഷണത്തേയും സ്‌റ്റേഡിയം പ്രതിനിധീകരിക്കുന്നതായും ശൈഖ് അബ്ദുല്ല പറഞ്ഞിരുന്നു.
യു എ ഇയിലെ മികച്ച സ്‌റ്റേഡിയം എന്നതിനപ്പുറം ലോകോത്തരമായതുകൂടിയാണ് ഹസ്സ ബിന്‍ സായിദ് സ്‌റ്റേഡിയമെന്ന് സ്‌റ്റേഡിയം ഡിബി ഡോട്ട് കോം സ്ഥാപകനും മത്സരത്തിന്റെ സംഘാടകനുമായ ഗര്‍സ്‌കോര്‍സ് കാലിക്ലാക്ക് അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിന്റെ ലേഔട്ടും സണ്‍ റൂഫുമെല്ലാം പ്രശംസനീയമാണ്. ബ്രിട്ടീഷ് മാതൃകയില്‍ ജര്‍മാന്‍ എഞ്ചിനിയര്‍മാര്‍ മികച്ച രീതിയിലാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.
ആഗോളാടിസ്ഥാനത്തിനാണ് സ്‌റ്റേഡിയത്തെ കണ്ടെത്താന്‍ വോട്ടിംഗ് നടക്കുക. അടുത്ത് മാസം 19നാണ് ലോകത്തിലെ മികച്ച സ്‌റ്റേഡിയത്തെ വെബ്‌സൈറ്റ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മൊത്തത്തില്‍ അഞ്ചു ലക്ഷം ചതുരശ്ര മീറ്ററുള്ള സ്റ്റേഡിയം പദ്ധതിയില്‍ പാര്‍പ്പിടവാണിജ്യ സമുച്ഛയം, വിനോദ കേന്ദ്രങ്ങള്‍, ആഡംബര ഹോട്ടല്‍ കായിക പരിപാടികള്‍ക്കൊപ്പം സാമുഹികമായ പരിപാടികള്‍ക്കുള്ള സൗകര്യം എന്നിവയും രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയത്തെ തിരഞ്ഞെടുക്കുന്ന പട്ടികയില്‍ ഇടംപിടിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കഫേകളും റെസ്റ്ററന്റുകളും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. 18 മാസം കൊണ്ടാണ് റിക്കാര്‍ഡ് വേഗത്തില്‍ സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. അല്‍ ഐന്‍ ഫുട്‌ബോള്‍ ക്ലബിന്റെ മുഖ്യ പരിശീലന കേന്ദ്രമായാണ് നിലവില്‍ സ്റ്റേഡിയം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ കായിക രംഗത്തിന് സ്റ്റേഡിയം കനത്ത മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ ഐന്‍ ക്ലബ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അല്‍ മസ്‌റൂയിയും അഭിപ്രായപ്പെട്ടിരുന്നു.
45,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സ്റ്റേഡിയം പൂര്‍ത്തിയാക്കിയത്. 25,000 കാണികളെ ഉള്‍ക്കൊള്ളാന്‍ സ്റ്റേഡിയത്തിനാവും. പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കുവേണ്ടുന്ന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

 

Latest