Connect with us

Wayanad

അമ്പലവയലില്‍ കൃഷിയിട വിനോദ സഞ്ചാരകേന്ദ്രം തുടങ്ങുന്നു

Published

|

Last Updated

അമ്പലവയല്‍: എടകലിലെ ശിലാലിഖിതങ്ങളടെ ചരിത്രപഴമയിലൂടെ വിശ്വവിഖ്യാതമായ അമ്പുകുത്തി മല നിരകള്‍ക്കു സമീപം കേരള കാര്‍ഷിക സര്‍വകലാശാല കൃഷിയിട വിനോദസഞ്ചാരകേന്ദ്രം തുടങ്ങുന്നു. അമ്പലവയലില്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റ(ആര്‍ എ ആര്‍ എസ്) കൈവശമുള്ള ഭൂമിയാണ് കൃഷിയിട വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്നത്. ഇതിനാവശ്യമായ അനുമതിയും ഫണ്ടും ലഭിച്ചതായി മേഖലാ ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി രാജേന്ദ്രന്‍ പറഞ്ഞു.
അമ്പലവയലില്‍ 15 ബ്ലോക്കുകളിലായി 87 ഹെക്ടര്‍ ഭൂമിയാണ് മേഖലാ ഗവേഷണ കേന്ദ്രത്തിന്റെ കൈവശം.1945ല്‍ അന്നത്തെ മദിരാശി സര്‍ക്കാര്‍ ആരംഭിച്ച തോട്ടമാണ് 1972ലെ കാര്‍ഷിക സര്‍വകലാശാലാ രൂപീകരണത്തിനു പിന്നാലെ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രമായി മാറിയത്. ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ കെടുകാര്യസ്ഥതയ്ക്ക് കുപ്രസിദ്ധമായിരുന്നു കേന്ദ്രം. എന്നാല്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത് കൈവശഭൂമിയിലെ ഓരോ സെന്റും ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിയുള്ള കാര്‍ഷിക മുന്നേറ്റം. ഇതിനു സഹായകമായത് എല്ലാ തട്ടുകളിലുമുള്ള ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും(ടീം ആര്‍ എ ആര്‍ എസ്) അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്(ഐ.സി.എ.ആര്‍), നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍(എന്‍.എച്ച്.എം), സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍(എസ്.എച്ച്.എം), ഇന്ത്യ മെറ്റിയോറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്(ഐ.എം.ഡി) തുടങ്ങിയവയുടെ സഹകരണവും.
കൃഷിയിട വിനോദസഞ്ചാര കേന്ദ്രത്തിനു ആവശ്യമായ ഘടകങ്ങളില്‍ ഏറെയും മേഖലാ ഗവേഷണ കേന്ദ്രത്തില്‍ നിലവിലുണ്ട്. റോസ്, ഡാലിയ, ജര്‍ബറ, ഗ്ലാഡിയോലസ്, ഓര്‍ക്കിഡ്, തുടങ്ങിയ ഇനം പൂക്കളുടെ വിപുലശേഖരമടങ്ങിയ പത്തര ഏക്കര്‍ സ്ഥിരം ഉദ്യോനം. 15 ഏക്കര്‍ നെല്‍പാടം, 63 ഇനം പരമ്പാഗത നെല്‍വിത്തുകളുടെ ശേഖരം, നാണ്യ-സുഗന്ധവിള തോട്ടങ്ങള്‍, ഹൈടെക് നഴ്‌സറികള്‍, ഒരു സെന്റ് മുതലുള്ള പോളി ഹൗസുകള്‍, പച്ചക്കറിത്തോട്ടങ്ങള്‍, ഫലവൃക്ഷത്തോപ്പുകള്‍, ജീവാണുവള-കീടനാശിനി നിര്‍മാണ യൂനിറ്റ്, ഭക്ഷ്യസംസ്‌കരണ യൂനിറ്റ്, കലാവസ്ഥ നിരീക്ഷണാലയം, മഴവെള്ളക്കൊയ്ത്തിന് നിര്‍മിച്ച ഒന്‍പത് കൂറ്റന്‍ കുളങ്ങള്‍, സൗരോര്‍ജം ഉപയോഗപ്പെടുത്തിയുള്ള ജലസേചേന സംവിധാനം തുടങ്ങിയവ ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമാണ്. നൈസര്‍ഗിക വനത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന 15 ഏക്കര്‍ ഭൂമിയും കേന്ദ്രത്തിനു സ്വന്തമായുണ്ട്. സ്ത്രീ ശാക്തികരണം ഗവേഷണ വിഷയമാക്കിയവര്‍ക്കും ആര്‍ ആര്‍ ആര്‍ എസ് പാഠശാലയാണ്. ആറ് വനിതാ സ്വയംസഹായ സംഘങ്ങളാണ് കേന്ദ്രത്തിനു കീഴില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നത്.
കൃഷിയിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും തത്പരരായ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ആഴ്ചകളോളം താമസിച്ച് പഠിച്ചാലും തീരാത്ത പാഠങ്ങളാണ് കേന്ദ്രത്തിലേത്. കാലാവസ്ഥയിലെ സവിശേഷതകളും കൃഷിയിട വിനോദസഞ്ചാര സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.
ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി ഗവേഷണ കേന്ദ്രത്തെ സംസ്ഥാനത്തെ കിടയറ്റ കൃഷിയിട വിനോദസഞ്ചാരകേന്ദ്രമായി മാറ്റാനാണ് സര്‍വകലാശാലയുടെ പദ്ധതി. ഇതിന്റെ ഭാഗമായി മുഴുവന്‍ ബ്ലോക്കുകളിളും തോട്ടങ്ങളുള്ള ഭാഗത്ത് “ലോ കോസ്റ്റ്” കോട്ടേജുകള്‍, ഡോര്‍മിറ്ററികള്‍ എന്നിവ നിര്‍മിക്കുമെന്ന് കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു. രാജ്യാന്തര നിലവാരമുള്ള ഗവേഷണാലയം, പരിശീലന കേന്ദ്രം എന്നിവയും യാഥാര്‍ഥ്യമാക്കും.
മേഖലാ ഗവേഷണ കേന്ദ്രത്തില്‍ പുപ്പൊലി എന്ന പേരില്‍ പുഷ്പ-ഫല പ്രദര്‍ശനവും സര്‍വകലാശാല സംഘടിപ്പിച്ച ദേശീയ കാര്‍ഷിമേളയും നടന്നുവരികയാണ്. രണ്ടിലും പങ്കാളികളാകുന്നതിനു ഇതര ജില്ലകളില്‍നിന്ന് എത്തിവയവരില്‍ പലരും ഗവേഷണ കേന്ദ്രത്തില്‍ കുറച്ചുനാള്‍ തങ്ങി ആധുനിക കൃഷിരീതികള്‍ അഭ്യസിക്കുന്നതില്‍ താത്പര്യം അറിയിക്കുന്നുണ്ടെന്ന് ഫാം ഓഫീസര്‍ അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest