Connect with us

Wayanad

നീര്‍മണി മുത്തുകള്‍ മഴപഠന ഗ്രന്ഥവുമായി വയനാട്ടിലെ വിദ്യാര്‍ഥികള്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ നടത്തിയ അന്വേഷണാത്മക പ്രവര്‍ത്തനങ്ങളിലൂടെ പിറവിയെടുത്തത് ഒരു മികച്ച മഴപഠനഗ്രന്ഥം! നീര്‍മണിമുത്തുകള്‍ എന്ന പേരില്‍ വയനാട് ജില്ലാപഞ്ചായത്ത് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ വിവരങ്ങളും, നാട്ടറിവുകളും ജില്ലാ സാമൂഹിക ശാസ്ത്ര കൗണ്‍സിലിന്റെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ നടന്ന ശില്‍പശാലകളുടെ തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ തന്നെ ശേഖരിച്ചതാണ്.
കേരളത്തിലെ മഴ ലഭ്യതയെയും, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ പോരായ്മ കളെയും കുറിച്ച നിരവധി വസ്തുതകള്‍ ഈ പുസ്തകം പകര്‍ന്നു തരുന്നുണ്ട്. സമ്പൂര്‍ണ സാക്ഷരത കൈവരിച്ചുവെന്ന് ഊറ്റംകൊള്ളുന്ന മലയാളികള്‍ക്ക് അവശ്യംവേണ്ട ജല സാക്ഷരതയില്ലാത്തതിന്റെ പ്രശ്‌നങ്ങളിലേക്ക് കുട്ടികള്‍ വിരല്‍ ചൂണ്ടുന്നു. അയല്‍ സംസ്ഥാ നത്തു ലഭിക്കുന്നതിന്റെ നാലിരട്ടി മഴ പ്രതിവര്‍ഷം ലഭിക്കുന്ന കേരളം 44 നദികളും അവയുടെ പോഷക നദികളും കൊണ്ടു സമ്പന്നമാണ്. എന്നിട്ടും പെയ്യുന്ന മഴ സംഭരിച്ചു വയ്ക്കാനോ, ഭൂമിയില്‍ ആഴ്ന്നിറങ്ങാനോ ഉള്ള സംവിധാനങ്ങളൊരുക്കുന്നതില്‍ കേരളീയര്‍ പരാജയ പ്പെടുന്നു. വേനല്‍ക്കാലമാകുമ്പോഴേക്കും നാടും നഗരവും വരള്‍ച്ചകൊണ്ട് വീര്‍പ്പു മുട്ടുന്നു. ഇതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
മഴ മേഘങ്ങളെയും, കാലാവസ്ഥയെയും, അതിനെ ആശ്രയിച്ചു നടത്തുന്ന വിവിധ കൃഷി രീതികളെയും സംബന്ധിച്ച വിവരങ്ങള്‍, മഴയെ സംബന്ധിച്ച നാട്ടറിവുകള്‍, പഴഞ്ചൊല്ലുകള്‍, വിശ്വാസാചാരങ്ങള്‍, മഴക്കാല ആഘോഷങ്ങള്‍, വിവിധ ജീവജാലങ്ങളില്‍ മഴക്കാലം ചെലുത്തുന്ന സ്വാധീനം, വിവിധ മതഗ്രന്ഥങ്ങള്‍, സാഹിത്യ കൃതികള്‍, ചലച്ചിത്രങ്ങള്‍ എന്നി വയിലെ മഴ പരാമര്‍ശങ്ങള്‍ മുതലായവയെല്ലാം കുട്ടികളുടെ പഠനത്തിനു വിധേയമായിട്ടുണ്ട്.
പരിഷ്‌കരിച്ച പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാലയ ങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ പുസ്തകം ഉപകരിക്കു മെന്ന് അധ്യാപകര്‍ വിലയിരുത്തുന്നു. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഇതിന്റെ കോപ്പി സൗജന്യമായി ലഭ്യമാക്കും. “കടലിരമ്പും കൈത്തോടുകള്‍” എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുട്ടികളുടെ കഥാസമാഹാരവും ജില്ലാ പഞ്ചായത്ത് ഈയിടെ പുറത്തിറക്കിയിരുന്നു.
മീനങ്ങാടി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും എഴുത്തുകാരനുമായ ബാവ. കെ. പാലുകുന്നാണ് പുസ്തകത്തിന്റെ എഡിറ്റര്‍. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീറിന്റെ ആമുഖക്കുറിപ്പും, മഴപഠന ശില്പശാലകളുടെ മുഖ്യ സംഘാടകനും, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ സി. കെ. പവിത്രന്‍ രൂപ കല്‍പന ചെയ്ത പുറം കവറും പുസ്തകത്തെ ആകര്‍ഷകമാക്കി യിരിക്കുന്നു. മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. ഐ. തങ്കമണി, കഥാകകൃത്ത് ഷാജി പുല്‍പ്പള്ളി, സി.കെ. പവിത്രന്‍, സി. ജയരാജന്‍, എം. സുനില്‍കുമാര്‍, കെ. ഐ. തോമസ്, പി. ശിവപ്രസാദ്, എ. കെ. മുരളീധരന്‍, എന്‍. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന എഡിറ്റോറിയല്‍ ബോര്‍ഡാണ് പുസ്തകം പരിശോധിച്ചത്.
ചിത്രകാരനും അധ്യാപകനുമായ എന്‍. ടി. രാജീവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തന്നെ വരച്ച ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിവിധ വിദ്യാലയങ്ങളിലെ 35 വിദ്യാര്‍ഥികളാണ് വിവരശേഖരണ ശില്‍പ ശാലകളില്‍ പങ്കാളികളായിരുന്നത്.

---- facebook comment plugin here -----

Latest