Connect with us

Malappuram

മരുതയില്‍ വീണ്ടും മാവോയിസ്റ്റുകളെ കണ്ടതായി വീട്ടമ്മയുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

എടക്കര: മരുതയില്‍ വീണ്ടും മാവോയിസ്റ്റുകളെ കണ്ടതായി വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. മരുത മഞ്ചക്കോട്ടെ തച്ചറാവില്‍ ഖദീജയാണ് വീണ്ടും മാവോയിസ്റ്റുകള്‍ തന്റെ വീട്ടിലെത്തിയെന്ന് വെളിപ്പെടുത്തിയത്.
അഞ്ചാം തവണയാണ് മാവോയിസ്റ്റുകള്‍ ഇവിടെയെത്തുന്നത്. 2013 ഡിസംബറിലാണ് ആദ്യമെത്തിയത്. എന്നാല്‍ പോലീസ് സ്ഥിരീകരണത്തില്‍ അങ്കലാപ്പിലാണ്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പട്ടാള വേഷത്തില്‍ തോക്കുമായെത്തിയ നാലംഗ സംഘമാണ് വീട്ടിലെത്തിയത്. സംഘത്തില്‍ രണ്ട് പുരുഷന്‍മാരും രണ്ടു സ്ത്രീകളുമാണുണ്ടായിരുന്നത്. വീടിന്റെ മുന്‍വശത്തെ ജനലില്‍ കൊട്ടി വിളിക്കുകയായിരുന്നു.
സംഘത്തിലെ ഒരു സ്ത്രീയും പുരുഷനും നേരത്തെ വന്ന സംഘത്തിലുണ്ടായിരുന്നതായാണ് ഖദീജ പറയുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും ഹിന്ദിയിലും തമിഴിലുമായാണ് ഇവര്‍ സംസാരിച്ചതെന്നും പറയുന്നു. ഇതിനിടയില്‍ മഞ്ചക്കോട്ടുള്ള ഖദീജയുടെ ടെക്സ്റ്റയില്‍ ഷോപ്പില്‍ നിന്നും വസ്ത്രങ്ങള്‍ വേണമെന്ന് ഇവരെ ധരിപ്പിച്ച് പുറത്തിറങ്ങുകയായിരുന്നു. ഈ സമയത്ത് ഖദീജയുടെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഖദീജ മൊബൈല്‍ ഫോണിനുള്ളില്‍ കരുതിയിരുന്ന പോലീസിന്റെ നമ്പര്‍ എഴുതിയ കടലാസ് ഖദീജ കൈക്കലാക്കി. ബന്ധുവിന് ഈ നമ്പര്‍ കൊടുത്തുവെങ്കിലും ഭയന്ന് ഇവര്‍ ഖദീജയുടെ സഹോദരി ഭര്‍ത്താവായ ഷൗക്കത്തിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇയാളുടെ മൊബൈലില്‍ ബാലന്‍സ് ഇല്ലാത്തതിനാല്‍ പോലീസിനെ വിളിക്കാന്‍ കഴിഞ്ഞില്ല. കൈയില്‍ കരുതിയിരുന്ന താക്കോല്‍ ഉപയോഗിച്ച് ഖദീജ കട തുറന്ന് കൊടുത്തതായാണ് പറയുന്നത്. സംഘം മഞ്ചേക്കോട്ടില്‍ നിന്നും തിരിച്ചുപോകുന്നതായും കണ്ടെന്ന് ഷൗക്കത്തും പറഞ്ഞു. വസ്ത്രങ്ങള്‍ കൂടാതെ അരി, മുളക് തുടങ്ങിയ സാധനങ്ങളും നല്‍കിയതായി ഖദീജ പറഞ്ഞു. വഴിക്കടവ് എസ് ഐ. പി ജ്യോതീന്ദ്രകുമാറും സംഘവും ഖദീജയുടെ മൊഴിയെടുത്തു.

Latest