Connect with us

Kozhikode

മണല്‍ വാരല്‍ കാലാവധി നീട്ടാന്‍ അനുമതി തേടും: കലക്ടര്‍

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ സര്‍ക്കാറിന്റെ വിവിധ പ്രവൃത്തികളുടെ സുഗമമായ നടത്തിപ്പിനും തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും കടവുകളില്‍ നിന്ന് മണല്‍ വാരുന്നതിന്റെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടുന്നതിന് സര്‍ക്കാറിന്റെ അനുമതി തേടുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത. ജില്ലയിലെ വിവിധ കടവുകളില്‍ നിന്ന് മണല്‍ വാരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
മണലെടുക്കുന്നതിന്റെ കാലാവധി ഫെബ്രുവരി 23ന് കഴിയും. പുഴയോരങ്ങളില്‍ നിന്ന് മണലെടുക്കുന്നത് സംബന്ധിച്ച പരിശോധന നടത്തുന്ന പരിസ്ഥിതി കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. മണല്‍ വാരുന്നതിന് നഷ്ടപ്പെട്ട കടവിന് പകരം പുതിയ കടവ് അനുവദിക്കുന്നതിന് അതാത് പഞ്ചായത്തുകള്‍ പ്രമേയം പാസാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പുഴയിലേക്കിറങ്ങി മണല്‍ ലോറികള്‍ മണല്‍ കയറ്റുന്നത് തടയുന്നതിന് പോസ്റ്റുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. നിര്‍ദേശം ലംഘിക്കുന്ന കടവുകളുടെ അനുമതി റദ്ദാക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാരുടെയും തൊഴിലാളികളുടെയും യോഗം വിളിക്കും. മണല്‍ തൊളിലാളികളുടെ കൂലി ഏകീകരണം സംബന്ധിച്ച് കൂടിയാലോചന നടത്തും.
റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ പുഴയോരങ്ങളുടെ സംരക്ഷണം സംബന്ധിച്ച വിവിധ പ്രവര്‍ത്തികളുടെ അവലോകനവും നടന്നു. പുഴയോര സംരക്ഷണത്തിനുള്ള പദ്ധതികള്‍ പരിശോധിച്ച് അനുമതി നല്‍കും. അനുമതിയില്ലാത്ത പദ്ധതികള്‍ റവന്യൂ സെക്രട്ടറിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. സുതാര്യ കേരളത്തിലൂടെ വന്ന പരാതി വഴിയും റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ചും ജില്ലയില്‍ പുഴയോര സംരക്ഷണത്തിനായി പുതിയ 52 പ്രവൃത്തികളാണ് ഏറ്റെടുത്ത് നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ളത്.

Latest