Connect with us

Kozhikode

നവീകരിച്ച ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമിട്ട് ദേശീയ ഗെയിംസിന്റെ ഭാഗമായി നവീകരിച്ച ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം സ്റ്റേഡിയം പരിസരത്ത് നടന്ന വര്‍ണാഭമായ ചടങ്ങില്‍ പഞ്ചായത്ത് സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കാല്‍പ്പന്ത് കളിയെ വൈകാരികമായി കാണുന്ന ഒരു നാടിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇതോടെ ചിറകുവിടര്‍ന്നു. ഇനി വരാനിരിക്കുന്നത് കോഴിക്കോടിന്റെ സായ്ഹ്നങ്ങളെ ത്രസിപ്പിക്കുന്ന ഫുട്‌ബോള്‍ പോരാട്ടങ്ങള്‍. ഫിഫയുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ച,് അത്യാധുനിക സജ്ജീകരണങ്ങളോടെ, അന്താരാഷ്ട്ര നിലവാരത്തിലാണ് സ്റ്റേഡിയം നവീകരിച്ചത്. അടുത്ത മാസം ഒന്നിന് വൈകുന്നേരം അഞ്ചിന് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് സ്റ്റേഡിയം വേദിയാകും.
അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലുള്ളത്. 5000പേരെ ഉള്‍ക്കൊള്ളുന്ന വി ഐ പി പവലിയനുള്‍പ്പെടെ 45000 പേര്‍ക്ക് ഒരേസമയം കളി കാണാന്‍ സൗകര്യമുണ്ടാകും.
മൂന്ന് നിലകളിലായി പണികഴിപ്പിച്ച സ്റ്റേഡിയത്തിന് ഒന്നാം നിലയില്‍ വി ഐ പി ലോഞ്ച്, മീഡിയ റൂം, ഫെഡറേഷന്‍ റൂം, മെഡിക്കല്‍ റൂം, ടി വി ലോഞ്ച്, ഡ്രസ്സിംഗ് റൂം, സ്റ്റോര്‍ റൂം, മെഡല്‍ സെറിമണി റൂം എന്നിങ്ങനെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഗ്രൗണ്ട്ഫ്‌ളോറില്‍ 1000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 2012 സെപ്തംബറിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. അവസാന ഘട്ടത്തില്‍ രണ്ട് മാസത്തോളമായി ദിവസവും 250 തൊഴിലാളികളാണ് നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ടത്. കോഴിക്കോട്ടുകാരനായ ആര്‍ക്കിടെക്ട് ആര്‍ കെ രമേശാണ് സ്റ്റേഡിയം രൂപകല്‍പ്പന ചെയ്തത്. 22 കോടി രൂപയാണ് ചെലവ്. മൊത്തം ചെലവിന്റെ 55 ശതമാനം സംസ്ഥാന ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റും 45 ശതമാനം കോര്‍പറേഷനുമാണ് വഹിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ മേയര്‍ പ്രൊഫ. എ കെ പ്രേമജം അധ്യക്ഷത വഹിച്ചു. നവീകരിച്ച ഫുട്‌ബോള്‍ ഗ്രൗണ്ട് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. എ പ്രദീപ്കുമാര്‍ എം എല്‍ എ ഉപഹാര സമര്‍പ്പണം നടത്തി. പുരുഷന്‍ കടലുണ്ടി എം എല്‍ എ, കലക്ടര്‍ സി എ ലത, ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്ലത്വീഫ്, സബ്കലക്ടര്‍ ഹിമാന്‍ഷുകുമാര്‍ റായ് സംബന്ധിച്ചു.

Latest