Connect with us

Kozhikode

മണിയൂരില്‍ ഗ്രാമ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സേവാഗ്രാം-ഗ്രാമ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടിവെള്ളം, ശുചിത്വ പരിപാലനം, പാര്‍പ്പിടം, ഇതര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഗ്രാമവ്യവസായം എന്നിവ ഗ്രാമ കേന്ദ്രങ്ങള്‍ വഴി പ്രാവര്‍ത്തികമാക്കും.
ഇതിന്റെ ഭാഗമായി ഗ്രാമസഭയുടെ ഉപഘടകമെന്ന നിലയില്‍ നൂറ് കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന അയല്‍ സഭകള്‍ രൂപവത്കരിച്ചു. വാര്‍ഡ് അംഗങ്ങളുടെ ഓഫീസ്, വാര്‍ഡ് വികസന സമിതി, വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതി, വാര്‍ഡ് ജാഗ്രതാ സമിതി, അശാവര്‍ക്കര്‍, കുടുംബശ്രീ, എ ഡി എസ് എന്നിവയുടെ ഓഫീസായും ഗ്രാമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
പഞ്ചായത്തിലേക്കുള്ള വിവിധ അപേക്ഷകള്‍ ഗ്രാമകേന്ദ്രങ്ങള്‍ വഴി സ്വീകരിക്കും. ഇതിനായി ആഴ്ചയില്‍ ആറ് ദിവസവും വൈകീട്ട് മൂന്ന് മുതല്‍ ഏഴ് വരെ ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സേവനം ഗ്രാമകേന്ദ്രത്തില്‍ ലഭിക്കും. ഗ്രാമകേന്ദ്രങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഉല്ലാസ് നഗറില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പി എം കൃഷ്ണന്‍, സി പി കുഞ്ഞബ്ദുല്ല, എം കെ പ്രമോദ്, സി പി കുഞ്ഞിക്കണ്ണന്‍, മാണിക്കോത്ത് കുഞ്ഞിരാമന്‍, ചെറിയേരി രാധാകൃഷ്ണന്‍, എന്‍ കെ റുഖിയ പ്രസംഗിച്ചു.

Latest