Connect with us

Eranakulam

എന്‍ എച്ച് അതോറിറ്റി ഓഫീസില്‍ മാവോയിസ്റ്റ് ആക്രമണം

Published

|

Last Updated

കൊച്ചി/കളമശ്ശേരി: നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍ എച്ച് എ ഐ)യുടെ കളമശ്ശേരിയിലെ ഓഫീസില്‍ മാവോയിസ്റ്റ് ആക്രമണം. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ അജ്ഞാത സംഘം അതിക്രമിച്ചു കയറി തീവെച്ചു നശിപ്പിച്ചു. ഇന്നലെ രാവിലെ 8.30നും 9നും ഇടയിലാണ് സംഭവം. മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ ആക്ഷന്‍ കമ്മിറ്റി, സി പി ഐ മാവോയിസ്റ്റ് എന്ന പേരിലുള്ള ലഘു ലേഖകള്‍ ഓഫീസില്‍ പതിപ്പിക്കുകയും ഭിത്തിയില്‍ മാവോയിസ്റ്റ് മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തു. റോഡുകള്‍ സ്വകാര്യവത്കരിക്കുന്നതിന്റെ പേരില്‍ നടക്കുന്ന കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ചാണ് അക്രമമെന്നും ചുങ്കപ്പിരിവുകാര്‍ തുലയട്ടേയെന്നും ഓഫീസില്‍ വിതറിയ ലഘുലേഖയില്‍ പറയുന്നു. എത്രപേര്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാവിലെ എട്ടരക്ക് തൂപ്പുകാരിയെത്തി ഓഫീസ് വൃത്തിയാക്കിയ ശേഷം പതിവു പോലെ ഓഫീസ് മുറി ലോക്ക് ചെയ്യാതെ മടങ്ങിയ ശേഷമായിരുന്നു ആക്രമണം. ഒമ്പത് മണിയോടെ പ്യൂണ്‍ അതുല്‍ വിഷ്ണു എത്തി ഓഫീസില്‍ കയറിയപ്പോള്‍ ശക്തമായ പുകയാണ് കണ്ടത്. ഉടന്‍ സൈറ്റ് എന്‍ജിനീയര്‍ ദിനേശിനെ വിവരമറിയിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം മറ്റ് ജീവനക്കാര്‍ ഓഫീസില്‍ എത്തി വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു. ഓഫീസിലെ ഹാളില്‍ ഫയലുകള്‍ ചിതറിക്കിടന്നിരുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഒരു ഫയല്‍ മാത്രമാണ് കത്തിനശിച്ചിട്ടുള്ളത്.
ഓഫീസിന്റെ മതിലുകളില്‍ സാമ്രാജ്യത്വം തുലയട്ടെ, ചുങ്കപ്പാത തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും മാര്‍ക്കര്‍ പേന ഉപയോഗിച്ച് എഴുതിയിട്ടുണ്ട്. ചുങ്കപ്പാതകള്‍ക്കും ജനദ്രോഹ വികസനപദ്ധതികള്‍ക്കുമെതിരെ പോരാടുക, സാമ്രാജ്യത്വ ബഹുരാഷ്ട്ര കുത്തകകളുടെ ചൂഷണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുക, സി പി ഐ മാവോയിസ്റ്റ് പത്താം വാര്‍ഷികാചരണം ജനകീയ പ്രക്ഷോഭങ്ങളുടെ ഉത്സവമാക്കുക തുടങ്ങിയ ആഹ്വാനങ്ങളാണ് ലഘുലേഖകളിലുള്ളത്.
എറണാകുളം പനമ്പിള്ളി നഗറില്‍ നിറ്റ ജലാറ്റിന്‍ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് സമാനമായ സംഭവമാണിതെന്ന് പോലീസ് പറയുന്നു. മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായി സ്ഥലം സന്ദര്‍ശിച്ച എറണാകുളം റേഞ്ച് ഐജി. എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.
സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി ജെയിംസ് പറഞ്ഞു.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊച്ചിയിലെ മാവോയിസ്റ്റ് അനുകൂലികളെന്നു സംശയിക്കുന്നവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. നിറ്റ ജലാറ്റിന്‍ അതിക്രമം അന്വേഷിക്കുന്ന സംഘവും സ്ഥലത്തെത്തിയിരുന്നു.
എറണാകുളം മൂന്നാം തവണയാണ് മാവോയിസ്റ്റ് ആക്രമണത്തിന് വേദിയാകുന്നത്. നിറ്റ ജലാറ്റിന്‍ ഓഫീസ് അക്രമത്തിന് ശേഷം മാവോയിസ്റ്റ് അനുകൂലികള്‍ ഏലൂരില്‍ സി എം ആര്‍ എല്‍ ഓഫീസ് ഗേറ്റ് അടിച്ചുതകര്‍ത്തിരുന്നു.

Latest