Connect with us

Kottayam

ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ഇരട്ടജീവപര്യന്തം

Published

|

Last Updated

കോട്ടയം: ഭാര്യാപിതാവിനെ കൊലപ്പെടുത്തുകയും ഭാര്യമാതാവിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിന് ഇരട്ട ജീവപര്യന്തം. തിടനാട് കളത്തിപ്പടിക്കല്‍ രാജേഷി (32)നെയാണ് കോട്ടയം രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് ഷാജഹാന്‍ ശിക്ഷിച്ച് ഉത്തരവായത്.
ഭാര്യാ പിതാവ് ആനിക്കാട് ഇളംപള്ളി മോഹനവിലാസത്തില്‍ ഗോപീ മോഹനനെ (55) കൊലപ്പെടുത്തുകയും ഭാര്യാ മാതാവ് പൊന്നമ്മയെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണു ശിക്ഷ. കൊലപാതക കേസില്‍ 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധികമായി കഠിന തടവ് അനുഭവിക്കണം. ഭാര്യാ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 307-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കില്‍ ആറ് മാസം അധിക കഠിനതടവ് അനുഭവിക്കണം. ഭാര്യാ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണു ശിക്ഷ. പിഴയൊടുക്കിയില്ലെങ്കില്‍ അധികമായി മൂന്ന് മാസം കഠിനതടവ് അനുഭവിക്കണം. പിഴയൊടുക്കിയാല്‍ ഒരു ലക്ഷം രൂപ പൊന്നമ്മക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. പ്രതിയുടെ പ്രായം പരിഗണിച്ചു വധശിക്ഷ നല്‍കുന്നില്ലെന്ന് കോടതി പറഞ്ഞു. വിചാരണക്കാലയളവില്‍ കോടതിയില്‍ കഴിഞ്ഞത് ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും.
2011 ഒക്‌ടോബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം. ഗോപീ മോഹനന്റെ മകള്‍ നിഷയെയാണ് രാജേഷ് വിവാഹം ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ കുടുംബ കലഹം പതിവായിരുന്നു. ഇതു സംബന്ധിച്ചു കുടുംബകോടതി, പള്ളിക്കത്തോട് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കേസ് നിലനിന്നിരുന്നു. സംഭവദിവസം ഇവരുടെ കേസ് കുടുംബകോടതിയിലുണ്ടായിരുന്നു. കേസിന് ശേഷം നിഷ സ്വന്തം വീട്ടിലേക്കു പോയി. വൈകീട്ട് ആറരയോടെ ഇളംപള്ളിയിലെത്തിയ രാജേഷ് അതിക്രമിച്ചു കയറിയ ശേഷം അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഭാര്യാമാതാവ് പൊന്നമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇതു തടയാനെത്തിയ ഗോപീമോഹനനെ രാജേഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.