Connect with us

Eranakulam

അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സാവകാശം

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജുള്‍പ്പെടെ കളമശ്ശേരി കടകംപള്ളി ഭൂമി തട്ടിപ്പുകേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി ബി ഐക്ക് ഹൈക്കോടതി ആറ് മാസത്തെ സാവകാശം അനുവദിച്ചു. ഈ കാലയളവിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് പി ഉബൈദ് നിര്‍ദേശിച്ചു. ഭൂമി തട്ടിപ്പെന്ന നിലയില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ് മുതല്‍ വില്ലേജ് ഓഫീസുകള്‍ വരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് സി ബി ഐ ബോധിപ്പിച്ചു. വ്യാജ തണ്ടപ്പേര്‍ രജിസ്റ്റര്‍ അടക്കമുള്ള റവന്യൂ രേഖകള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും പ്രതികളെ ബ്രെയിന്‍ മാപ്പിംഗ് നാര്‍ക്കോ അനാലിസിസ് പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ ആലോചിക്കുന്നതായും സി ബി ഐ വിശദീകരിച്ചു.
കേസില്‍ ബൃഹത്തായ അന്വേഷണമാണ് പുരോഗമിക്കുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ സേവന ദാതാക്കളില്‍ നിന്നും ശേഖരിക്കുന്നതിനായി സി ജെ എം കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സി ബി ഐ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ പി ചന്ദ്രശേഖരപിള്ള ബോധിപ്പിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സാവകാശം വേണമെന്ന സി ബി ഐയുടെ ആവശ്യത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിലും രേഖകള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് അയക്കുന്നതിലും സി ബി ഐ കാലതാമസം വരുത്തിയെന്ന് കേസിലെ ഹരജിക്കാര്‍ ബോധിപ്പിച്ചു.
കേസ് ഡയറി പരിശോധിച്ച് കോടതി അന്വേഷണ പുരോഗതി വിലയിരുത്തണമെന്നും ഹരജി ഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.