Connect with us

Kozhikode

സഹ്‌റത്തുല്‍ ഖുര്‍ആന്‍: പ്രീ സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

കോഴിക്കോട്: മര്‍കസ് വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. രാജ്യത്തെ പ്രഥമ സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രീ സ്‌കൂള്‍ പദ്ധതിക്ക് മര്‍കസ് കേന്ദ്ര കലാലയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി നിയമപ്രകാരം ഓതാന്‍ പരിശീലിപ്പിക്കുന്ന മൂന്ന് വര്‍ഷത്തെ അന്താരാഷ്ട്ര നിലവാരമുള്ള കോഴ്‌സാണ് സഹ്‌റത്തുല്‍ ഖുര്‍ആന്‍. ഈജിപ്തില്‍ നിന്നുള്ള ഖുര്‍ആന്‍ പണ്ഡിതരും വിദ്യാഭ്യാസ-മനഃശാസ്ത്ര വിദഗ്ദ്ധരും പരിശീലനം നല്‍കും.
പ്രഥമഘട്ടത്തില്‍ കോഴിക്കോട്, കാരന്തൂര്‍, കൊടുവള്ളി, പൂനൂര്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കും. മൂന്ന് വയസ്സായ കുട്ടികള്‍ക്കാണ് പ്രവേശനം. ഖുര്‍ആന്‍ ഉച്ചാരണ ശുദ്ധിയോടെ ഓതാനും മനഃപാഠമാക്കാനും വേണ്ടി നിലവാരമുള്ള ഭൗതിക സൗകര്യങ്ങളോടെയാണ് പഠന കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാല മനഃശാസ്ത്ര വിദഗ്ധര്‍ തയ്യാര്‍ ചെയ്ത പ്രത്യേക സിലബസ് പ്രകാരമാണ് സഹ്‌റത്തുല്‍ ഖുര്‍ആന്‍ കോഴ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മര്‍കസ് അക്കാദമിക് വിഭാഗം വിവിധ രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് ഒരു വര്‍ഷത്തെ ഗവേഷണ പഠനങ്ങള്‍ നടത്തിയാണ് ഈ നൂതന സംരംഭം ആരംഭിക്കുന്നത്.
മൂന്ന് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ നിലവിലുള്ള കെ ജി സംവിധാനത്തിലുള്ള മുഴുവന്‍ കഴിവുകളും ലഭിക്കുന്നതോടൊപ്പം, ഖുര്‍ആന്‍ പൂര്‍ണമായി നിയമപ്രകാരം ഓതാന്‍ പഠിക്കുന്നു. രസകരവും ശാസ്ത്രീയവുമായ പഠന പരിശീലനത്തിലൂടെ ഭാഷകള്‍ കൈകാര്യം ചെയ്യാനും വ്യക്തിത്വ വികസനം, പംക്ച്വാലിറ്റി ട്രയിനിംഗ് എന്നിവയിലൂടെ സോഫ്റ്റ് സ്‌കില്ലുകളും കുട്ടികള്‍ നേടിയെടുക്കുന്നു.
ഇതു സംബന്ധിച്ച യോഗം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് ഡയറക്ടര്‍ ഡോ. എം എ എച്ച് അസ്ഹരി പദ്ധതി പ്രഖ്യാപനം നടത്തി. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ഡോ. അബൂബക്കര്‍ നിസാമി, സിറാജുദ്ദീന്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഉനൈസ് മുഹമ്മദ്, യാസര്‍ അറഫാത്ത് നൂറാനി, വിവിധ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ സംബന്ധിച്ചു.
വിപുലമായ സംവിധാനങ്ങളോടെ മര്‍കസ് ക്യമ്പസില്‍ സഹ്‌റത്തുല്‍ ഖുര്‍ആന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു. കോഴ്‌സിന് അപേക്ഷിക്കാനുള്ള ഫോമുകള്‍ വിതരണം തുടങ്ങി. സഹ്‌റത്തുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് സ്വന്തമായി സെന്റര്‍ ആരംഭിക്കാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 9895166617.