Connect with us

Ongoing News

രാമവര്‍മപുരത്ത് ജെന്റര്‍പാര്‍ക്ക് സ്ഥാപിക്കും: മന്ത്രി മുനീര്‍

Published

|

Last Updated

തൃശൂര്‍: രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോം ക്യാമ്പസില്‍ കേരള സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജെന്റര്‍ പാര്‍ക്കു സ്ഥാപിക്കുമെന്ന് സാ മൂഹ്യനീതി- പഞ്ചായത്ത് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോം അങ്കണത്തില്‍ സംസ്ഥാന ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ തിരുവനന്തപുരത്തും, എറണാകുളത്തുമാണ് സാമൂഹിക നീതി വകുപ്പിന്റെ ജെന്റര്‍ പാര്‍ക്കുള്ളത്. തൃശൂരില്‍സ്ഥാപിക്കാനുദ്ദേശിക്കുന്നതു മൂന്നാമത്തെ ജെന്റര്‍ പാര്‍ക്കായിരിക്കും. ഇതിനുവേണ്ട നിര്‍ദേശം ചടങ്ങില്‍ മന്ത്രി സാമൂഹിക നീതി ഡയറക്ടര്‍ക്കു നല്‍കുകയും ചെയ്തു. ഇതുകൂടാതെ കുട്ടികളുടെ അഭിരുചികള്‍ വളര്‍ത്തുന്നതിനുള്ള കപ്പാസിറ്റി ഡെവലപ്‌മെന്റ് സെന്ററുകളും ഒരുക്കും. സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചി ഏതെന്നു മനസ്സിലാക്കി അതിനനുസരിച്ചു ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം സി ഗ്രേസി, ഡോ. റോഷന്‍ ബിജിലി, ഇ പി ഖമറുദ്ദീന്‍, സി എ റശീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സാമൂഹിക നീതി ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ സ്വാഗതവും റീജ്യനല്‍ അസി. ഡയറക്ടര്‍ എം എസ് വസന്തകുമാരി നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ ഇരുപത്തിയേഴ് ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.
2011ല്‍ നിര്‍ത്തിവെച്ച ചില്‍ഡ്രന്‍സ് ഫെസ്റ്റ് മൂന്ന് വര്‍ഷത്തിനുശേഷമാണ് പുനരാരംഭിക്കുന്നത്. മൂന്ന് വേദികളിലായി ഇരുപതിനങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ 30ന് സമാപിക്കും. വൈകീട്ട് നാലിനു സമാപന സമ്മേളനം സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി കെ ബിജു എം പി വിശിഷ്ടാതിഥിയായിരിക്കും. കോര്‍പറേഷന്‍ മേയര്‍ രാജന്‍ ജെ പല്ലന്‍ മുഖ്യാതിഥിയായിരിക്കും.