Connect with us

Ongoing News

അടുത്തവര്‍ഷം മുതല്‍ ഹയര്‍സെന്‍ഡറി ക്ലാസുകളില്‍ 50 കുട്ടികള്‍

Published

|

Last Updated

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികളുടെ എണ്ണം 50 ആയി നിജപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. കെ എച്ച് എസ് ടി യു സംസ്ഥാന സമ്മേളനം വി ജെ ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള അധ്യയന വര്‍ഷം തന്നെ ക്ലാസില്‍ 50 വിദ്യാര്‍ഥി എന്ന വ്യവസ്ഥ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സീറ്റ് ക്ഷാമം എന്ന പ്രത്യേക സാഹചര്യത്തിലാണ് 20ശതമാനം ആനുപാതിക സീറ്റ് വര്‍ധന നടപ്പാക്കിയത്. അടുത്ത വര്‍ഷം അതുണ്ടാകില്ല. ഹയര്‍സെക്കന്‍ഡറിക്ക് തുല്യമായി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ കൂടി പ്രവൃത്തി ദിനം അഞ്ചാക്കണമെന്ന നിര്‍ദേശം സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ നിന്ന് ഉന്നയിക്കപ്പെട്ടതും ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ടിലെ നടപ്പാക്കാത്തതുമായ ശിപാര്‍ശകള്‍ അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് നടപ്പാക്കും.

ഹയര്‍സെക്കന്‍ഡറികളില്‍ ഭാഷാധ്യാപക നിയമനത്തിന് 1:60 എന്ന അനുപാതം മാറ്റി 1:50 ആക്കുന്നത് പരിശോധിക്കും. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സീനിയര്‍, ജൂനിയര്‍ നിയമന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വകീരിച്ചുവരികയാണ്. കൂടുതല്‍ ഭാഷാ പഠന സൗകര്യങ്ങളില്ലാത്ത ഹയര്‍സെക്കന്‍ഡറികളില്‍ അവ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. പ്രിന്‍സിപ്പല്‍മാരുടെ ജോലി ഭാരം കുറക്കല്‍, അനുബന്ധ ജീവനക്കാരെ നിയമിക്കല്‍ എന്നീ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. ഹയര്‍സെക്കന്‍ഡറിക്ക് ചെങ്ങന്നൂരില്‍ മേഖലാ ഓഫീസ് തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അസാപ് പദ്ധതി വഴി അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം വിദ്യാര്‍ഥികളെ തൊഴില്‍ നൈപുണ്യമുള്ളവരാക്കി മാറ്റാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി വി ഇബ്‌റാഹീം അധ്യക്ഷത വഹിച്ചു. അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. വി എച്ച് എസ് ഇ ഡയറക്ടര്‍ സി കെ മോഹനന്‍, കെ എച്ച് എസ് ടി യു സംസ്ഥാന പ്രസിഡന്റ് കെ ടി അബ്ദുല്‍ ലത്തീഫ് സംസാരിച്ചു.

Latest